2009, ഫെബ്രുവരി 18, ബുധനാഴ്‌ച

ചാള്‍സ് ഡാര്‍വിനെ ദൈവം പേടിക്കുന്നതെന്തിന്...?


ചാള്‍സ് ഡാര്‍വിന്റെ പരിണാമവാദം സകല എതിര്‍പ്പുകളെയും അതിജീവിച്ച് ഒന്നര നൂറ്റാണ്ടു പിന്നിടുന്നുഎന്നത് ശാസ്ത്ര കുതുകികളെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. പരിണാമവാദം ദൈവത്തിന്റെസ്വതത്തെ ചോദ്യം ചെയ്യും
എന്ന് ഭയക്കുന്ന മതവാദി (മിതവാദികളല്ല) സമൂഹത്തിന്റെ അയുക്തികപ്രചാരണ തന്ത്രങ്ങളെ മറികടക്കുക എന്നത് നിസ്സാരകാര്യമല്ല. ഈ അതിജീവനത്തിന്റെ സന്തോഷംപങ്കിടുന്നതോടോപ്പം പരിണാമവാദം സമഗ്രവും സൂക്ഷ്മവുമായി വിശകലനം ചെയ്യുകയാണ് ജീവന്‍ജോബ് തോമസ് മാതൃഭൂമിയില്‍. മനുഷ്യ കേന്ദ്രിതപ്രപഞ്ചം എന്ന വിശ്വാസത്തില്‍നിന്നുജീവലോകത്തിലെ ഒരു കണ്ണി മാത്രമാണ് മനുഷ്യന്‍ എന്ന് ഉറപ്പിക്കുന്നു പരിണാമവാദം. വിശ്വാസത്തിന്റെ നിരാസമാണ് യുക്തി. അതുകൊണ്ട് ദൈവവും ചിലപ്പോള്‍ ഡാര്‍വിനെ പേടിക്കും. ഡാര്‍വിന്റെ ജീവജാതികളുടെ ഉദ്ത്ഭവം എന്ന അര നൂറ്റാണ്ട് പിന്നിടുന്ന പുസ്തകത്തെവായിക്കുകയാണ് എന്‍.ഇ.സുധീര്‍ സമകാലിക മലയാളം വാരികയില്‍. ദൈവചിന്തയെ വിറപ്പിച്ചപുസ്തകമാണിത്.
ഭരതന്‍ സംവിധാനം ചയ്ത
ചിലമ്പ് എന്ന സിനിമ തന്നില്‍നിന്ന് തട്ടിയെടുത്തതാണെന്ന് ജോണ്‍ പോള്‍മാതൃഭൂമിയില്‍. തന്റെ രചനയില്‍ പി .എന്‍.മേനോന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച ആ സിനിമഭരതന്‍ എങ്ങനെ സ്വന്തമാക്കി? ജോണ്‍ പോള്‍ തുറന്നെഴുതുമ്പോള്‍ നാം അതിശയിക്കേണ്ടതില്ല. കാരണം സിനിമാലോകം എന്നും അങ്ങനെയാണല്ലോ.
ലാവലിന്‍ഇടപാടില്‍ പിണറായി വിജയനെതിരെയുള്ള സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ട്സമകാലിക മലയാളം പ്രസിദ്ധീകരിച്ചിരിക്കുന്നു. തെളിവുകള്‍ വാചാലമാണ്‌ എന്നതുകൊണ്ടുതന്നെനവകേരള യാത്ര കൊണ്ടും പോളിറ്റ് ബ്യുറോ എന്ന ഉമ്മാക്കികൊണ്ടും ഇതിനെ പ്രധിരോധിക്കാന്‍വ്യക്തി എന്ന പാര്‍ട്ടി കുറച്ചു പ്രയാസപ്പെടും. ഈ കേസിന്റെ പിന്നാമ്പുറങ്ങള്‍ അന്വേഷിക്കുകയാണ് വി.പി വാസുദേവന്‍ മാധ്യമം വാരികയില്‍. നൂറു കോടി രു‌പക്ക് ഭെല്‍ എസ്ടിമാറ്റ്‌ തയ്യാറാക്കിയ ഒരുപദ്ധതിയുടെ അറ്റകുറ്റപണികള്‍ക്ക് ബാലാനന്ദന്‍ ശുപാര്‍ശകളെ കാറ്റില്‍
പരത്തി മുന്നൂറ്റി എഴുപത്തിനാലര കോടി രൂപയ്ക്കു ലാവലിന് കരാര്‍ നല്കി കോടികള്‍ തുലച്ച ഒരാള്‍ നടത്തുന്ന നവകേരളയാത്രഎങ്ങനെ അശ്ലീലമാകാതിരിക്കും?പക്ഷെ ഈ യാത്ര അടുത്ത കാലത്തു കേരളം കണ്ട വലിയ ബഹുജന വിദ്യാഭ്യാസ പരിപാടിയാണെന്ന് കെ.ടി. കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനിയില്‍.
കന്യാസ്ത്രീകള്‍ക്കിടയിലെ ഭക്തിയും കാമവും കടന്നുവരുന്നു സിസ്റ്റര്‍ ജെസ്മിയുടെ ആത്മ കഥാഭാഗത്തില്‍. ഈ കാമം
പ്രത്യേക സ്നേഹം എന്നാണ് അറിയപ്പെടുക. സിസ്റ്റര്‍ വിമി സ്വവര്‍ഗ രതിയില്‍തല്പരയായിരിന്നുവത്രേ. (പച്ചക്കുതിര മാസിക) പോലീസും അധികാരവും മാധ്യമ പ്രവര്‍ത്തകരുംചേര്‍ന്ന് റഷീദ എന്ന പാവംസ്ത്രീയില്‍ മോഷണക്കുറ്റം ആരോപിച്ചു വേട്ടയാടിയ കഥയാണ്‌പച്ചക്കുതിരയുടെ കവര്‍ സ്റ്റോറി. പോലിസ് ആര്‍ക്കുവേണ്ടി എന്ന ആ പഴയ ചോദ്യംചോദിക്കാതിരിക്കുകയാണ് നല്ലത്. സിനിമാനടന്‍ സത്യനുമായുള്ള ബന്ധം ഓര്‍ക്കുകയാണ്എം.ടി.വാസുദേവന്‍ നായര്‍ ഭാഷാപോഷിണിയില്‍. നസീറും സത്യനും തമ്മില്‍ പിണക്കമൊന്നുംഇല്ലാഞ്ഞിട്ടും അത്തരം കഥകള്‍ പ്രചരിച്ചിരുന്നു.എം.ജി. ബാബുവിന്റെ ദുര്‍ബലമായ കഥയും എ.യുപ്രവീണിന്റെ അതിശക്തമായ നാടകവും പുതിയ ഭാഷാപോഷിണിയില്‍ ഉണ്ട്.

2009, ഫെബ്രുവരി 11, ബുധനാഴ്‌ച

മാവോയുടെ മുന്നറിയിപ്പുകള്‍ (വിട്ടുവീഴ്ചാ മനോഭാവത്തിനെതിരെ )


''
വിട്ടുവീഴ്ചാമനോഭാവം പ്രത്യയശാത്രസമരത്തെ നിരാകരിച്ച് തത്വദീക്ഷയില്ലാത്ത സമാധാനത്തിനുവേണ്ടി നിലകൊള്ളുന്നു. അതുവഴി ജീര്‍ണിച്ച ,ഭൌതിക താല്പര്യം മാത്രമുള്ള മനോഭാവത്തിനു ജന്മം നല്കുന്നു. അത് പാര്‍ട്ടിയിലെയും വിപ്ലവസംഘടനയിലെയും ചില വ്യക്തികളിലും ഘടകങ്ങളിലും ജീര്‍ണതക്ക് കാരണമാകുന്നു. "ഏഴ് നൂറ്റാണ്ട് മുന്‍പ് മാവോ നല്കിയ മുന്നറിയിപ്പ് പ്രകാശ് കാരാട്ട് കണക്കിലെടുക്കുമോയെന്നു ചോദിക്കുന്നു .വി.ബാബു സമകാലികമലയാളം വാരികയില്‍ .ലാവ്‌ലിന്‍ കേസില്‍ സി.ബി.. പ്രതിപ്പട്ടികയില്‍ ഉള്ള പിണറായി വിജയനെ സംരക്ഷിക്കാന്‍ കാരാട്ട് കാണിക്കുന്ന അമിത താല്പര്യത്തെ വിമര്‍ശിക്കുകയും വിശകലനം ചെയ്യുകയാണ് ബാബു. വ്യക്തി താല്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന കാരാട്ട് ,മാവോയുടെ മുന്നറിയിപ്പ് ചെവിക്കൊണ്ടില്ലെങ്കില്‍ മഹത്തായ ഒരു പ്രസ്ഥാനത്തിന്റെ പതനത്തിനു സാക്ഷ്യം വഹിക്കേണ്ടിവരും. വാരികയുടെ മുഖപ്രസംഗവും ഇതേ വിഷയം തന്നെയാണ്. "പൊയ്മുഖം അഴിഞ്ഞു വീഴുന്നു"എന്നപേരില്‍. പിക്കാസോയുടെയും ദാലിയുടെയും ഉന്മാദം നിറഞ്ഞ (പ്രണയ)ജീവിതത്തെക്കുറിച്ച് എം.പി.രാധാകൃഷ്ണന്‍ എഴുതുന്നു. .എന്‍.വി.കുറുപ്പിന്റെ മനോഹരമായ കവിത "അര്‍ദ്ധവിരാമങ്ങള്‍" ലക്കത്തില്‍ത്തന്നെ.
വിമോചനസമരത്തെ അനുകൂലിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി മാതൃഭൂമിയില്‍. കേരളത്തെ മോചിപ്പിച്ച സമരം എന്നപേരില്‍ എഴുതിയിരിക്കുന്ന ഗീര്‍വാണങ്ങള്‍ വായിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ പോലും അറിയാതെ ഉറക്കെത്തന്നെ ചിരിച്ചുപോകും. കേരളീയസമൂഹത്തെ ജാതീയ വര്‍ഗീയ ആലയില്‍ തളച്ചിട്ട സമരത്തെ ഇപ്പോഴും അനുകൂലിക്കുകയും ലോകത്തുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ തകര്‍ച്ചകളുടെ നാന്ദിയായിരുന്നു സമരമെന്നൊക്കെ ആവേശം മൂത്ത് എഴുതാന്‍ കൊള്ളാം. പക്ഷെ, അതുവായിച്ചിട്ട് .കെ.ആന്റണി പോലും തലകുലുക്കില്ല. പക്ഷെ ,പുതിയ ആഴ്ച്ചപ്പതിപ്പിനെ മനോഹരമാക്കുന്നത് മനോജ് ജാതവേദര്‍
എഴുതിയ "വറുതി"എന്ന കഥയാണ്. അധികാരം അശ്ലീലമാണെന്ന് കഥ ഉറക്കെപ്പറയുന്നു.അധികാരം വാടകക്കെടുക്കുന്ന തലച്ചോറുകള്‍ (പ്രത്യേകിച്ചും പത്രപ്രവര്‍ത്തകര്‍,ബുദ്ധിജീവികള്‍ ) പൊതുജനത്തെ വഞ്ചിച്ച് അധികാരത്തിന്റെ അമേധ്യം ഭുജിക്കുന്നു.
വര്‍ത്തമാനകാലത്തെ പ്രതിഫലിപ്പിക്കുന്ന കഥ. സുഭാഷ് ചന്ദ്രന്‍ തന്റെ പുസ്തകമായി തെരഞ്ഞെടുത്തിരിക്കുന്നത് കരമസോവ് സഹോദരന്മാരെയാണ്. പുസ്തകം തന്നെ ഒരു ബാധപോലെ പിന്തുടരുന്നുവെന്നു ലേഖകന്‍. ഇത്തവണ ബ്ലോഗനയില്‍ ജോസഫ് ആന്റണിയാണ്.
മാധ്യമത്തില്‍ ബഷീറിന്റെ ഭര്‍ എന്ന കഥയെ പുനര്‍വായിക്കുന്നു പി.രാജഗോപാലന്‍. ഭര്‍ എന്ന അധോവായുവിന്റെ (കഥാനായികയില്‍നിന്നു)ശബ്ദം കാല്പനികതയെ അടിച്ചുടക്കുമ്പോള്‍തന്നെ കാലാന്തരത്തില്‍ കാല്പനികതാ സൂചകം ആയിത്തീരുന്നു. ടി.വി.ചന്ദ്രന്റെ പുതിയ ചലച്ചിത്രമായ ഭൂമിമലയാളത്തിന്റെ ദൃശ്യാനുഭവം പങ്കുവക്കുന്നു വി.കെ.ജോസഫ്.

2009, ഫെബ്രുവരി 5, വ്യാഴാഴ്‌ച

വ്യക്തിയും പ്രസ്ഥാനവും :പ്രത്യയശാസ്ത്രത്തിന്റെ മലക്കം മറിച്ചിലുകള്‍.


ലാവ് ലിന്‍ ഇടപാടില്‍ സി. ബി. പ്രതിപ്പട്ടികയില്‍ സ്ഥാനം പിടിച്ച പിണറായി വിജയനെസംരക്ഷിക്കാന്‍ പാര്‍ട്ടി നടത്തുന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തെളിവുകള്‍പിണറായിക്ക് എതിരാണെന്നും പി .വിശ്വനാഥന്‍തമ്പി സമകാലിക മലയാളം വാരികയില്‍. ബാലാനന്ദന്‍ കമ്മിഷന്‍ ശുപാര്‍ശകളുടെ പ്രസക്ത ഭാഗങ്ങളും സാമ്പത്തിക ഇടപാടുകളുടെവിവരങ്ങളും വിശദമായിത്തന്നെ റിപ്പോര്‍ട്ടില്‍ ഉണ്ട്.കണ്ണികള്‍ പൊട്ടാത്ത തെളിവുകള്‍ശേഖരിക്കാന്‍ സി.ബി..ക്ക് കഴിഞ്ഞു എന്ന് ജി.എസ് .എഴുതുന്നു. അന്വേഷണം വേഗത്തില്‍പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് സി.ബി..യുടെ വിജയമാണ്. പക്ഷെ, വാദങ്ങളെപ്രതിരോധിക്കുകയും പാര്‍ട്ടിക്കെതിരെയുള്ള ഇത്തരം കുതന്ത്രങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നുംപി.ജയരാജന്‍ ദേശാഭിമാനി വാരികയില്‍. നാലാം ലോക വാദം, .ഡി.ബി.ലോണ്‍ തുടങ്ങി ശ്രേണിയില്‍ അവസാനത്തെ ആണ് ഇതെന്ന് ജയരാജന്‍. അങ്ങനെയൊന്നും തളരുന്ന പാര്‍ട്ടിയല്ലസി.പി.എം. സംഗതി ശരിതന്നെ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അച്ചുതാനന്ദന്റെ പ്രഭാവംകൊണ്ടു പാര്‍ട്ടി വിജയിച്ചപ്പോള്‍ വ്യക്തിയല്ല ,പ്രസ്ഥാനമാണ് വലുതെന്നു പറഞ്ഞവര്‍ ഇപ്പോള്‍ആരോപണവിധേയനായ ഒരാളെ സംരക്ഷിക്കാന്‍ പെടുന്ന പാടിനെയും മലക്കം മറിചിലുകളെയുംഅശ്ലീലം എന്നല്ലേ വിളിക്കേണ്ടത്.....?
പാലക്കാട് ജില്ലയിലെ മുങ്കില്‍മടയില്‍ നിലനില്ക്കുന്ന അയിത്ത ആചാരത്തെ കുറിച്ചു കെ .രാജന്‍. ഇത്തരം ഒരിടം കേരളത്തില്‍
തന്നെയാണ് എന്ന തിരിച്ചറിവ് നമ്മെ ഞെട്ടിക്കും. (സമകാലികമലയാളം)
മൂന്നാര്‍ ദൌത്യത്തിന്റെ പരാജയ കാരണവും അതിന് പിന്നിലെ ചരടുവലികളേയും കുറിച്ചു പി.കെ. പ്രകാശ് മാതൃഭുമിയില്‍. ദൌത്യം പരാജയപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്നും ടാറ്റാ എങ്ങനെയാണ്അദ്ദേഹത്തിന് പ്രിയപ്പെട്ടതായെന്നും പ്രകാശ് വിശദമാക്കുന്നു. വായനക്കാര്‍ക്ക് അങ്ങനെ ഒരുഇഷ്ടവിഭവം കൂടി ലഭിക്കുന്നു. വി.എസിനെ അടിക്കാന്‍ കിട്ടുന്ന വടി വെറുതെ കളയേണ്ടല്ലോ. പുതിയസമാന്തര സിനിമ സംവിധായകരെ മമ്മൂട്ടിയും ലാലും അവഗണിക്കുന്നുയെന്നു
ഡോ.ബിജു. തികച്ചും ബാലിശവും ഉപരിപ്ലവവുമാണ് ലേഖനം. ഇതേ ഗണത്തില്‍പെടുത്താവുന്നമാതൃഭൂമിയുടെ പന്ത്രണ്ടു പേജുകള്‍ പാഴാക്കുന്ന ലേഖനമാണ് കെ.പി.നിര്‍മല്‍ കുമാറിന്റെ "ഒരുഇതിഹാസത്തിന്റെ ദീപശാഖകള്‍".
ഖസാക്കിന്റെ ഇതിഹാസത്തിലെ സംഭവ കഥാപാത്രവിശദീകരണമാണ് വൃഥാ വ്യായാമം. വായനക്കാര്‍ കഴുതകളല്ല എന്ന പ്രാഥമികമായ തിരിച്ചറിവുള്ളഒരാള്‍ തീര്‍ച്ചയായും ഇങ്ങനെ എഴുതുകയില്ല.

2009, ജനുവരി 29, വ്യാഴാഴ്‌ച

റിച്ചാര്‍ഡ് സ്റ്റാള്‍മാനെ ആര്‍ക്കാണ് പേടി....?


റിച്ചാര്‍ഡ് സ്റ്റാള്‍മാനെ ആര്‍ക്കാണ് പേടി എന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്കല്ല എന്നാണ് ഉത്തരം.കാരണം സ്വതന്ത്ര സോഫ്റ്റ് വെയറിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്തതും നടപ്പാക്കിയതും അദ്ദേഹമാണെന്ന് ഇക്ഫോസ് സ്പെഷ്യല്‍ ഓഫീസര്‍ ആയിരുന്ന എം.അരുണ്‍ ആഴ്ച പുറത്തിറങ്ങിയ രണ്ടു വാരികകളില്‍ .(സമകാലികമലയാളം, മാതൃഭുമി )ഫ്രീ സോഫ്റ്റ് വെയര്‍ കൂട്ടായ്മയുടെ സംഘാടകനും പ്രവര്‍ത്തകനുമാണ് അരുണ്‍. അരുണിനെ സ്ഥാനത്തുനിന്ന് നീക്കിയതിന്റെ പിന്നിലെ രാഷ്ട്രീയം വായിക്കുന്നു ബി. ശ്രീജനും സിയാദും മലയാളം വാരികയില്‍. മന്ത്രി തോമസ് ഐസക്കിനാണ് സ്റ്റാള്‍മാനെ പേടി. ടി അറ്റ്‌ സ്കൂള്‍, വൈദ്യുതിവകുപ്പ്‌ എന്നിവിടങ്ങളില്‍ ഫ്രീ സോഫ്റ്റ് വെയര്‍ നടപ്പിലാക്കിയ ഒരു സര്‍ക്കാര്‍ എന്തുകൊണ്ടാണ് വാണിജ്യ നികുതി വകുപ്പിന്റെ ഓണ്‍ ലൈന്‍ ടാക് സുകള്‍ എക്സല്‍ വഴിവേണമെന്നു വാശി പിടിക്കുന്നത്‌? അപ്പോള്‍ ആരാണ് മൈക്രോ സോഫ്റ്റ് പ്രചാരകര്‍ ?ഫ്രീ സോഫ്റ്റ് വെയറിനെ കുറിച്ചു അരുണ്‍ എഴുതിയ ലേഖനവും അദ്ദേഹവുമായുള്ള അഭിമുഖവും മാതൃഭുമിയില്‍ വായിക്കാം.
ജി.അരവിന്ദന്റെ ജീവിതത്തിലേക്കും സിനിമയിലേക്കും തിരിഞ്ഞുനോക്കുന്നു പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. അരവിന്ദന്റെ "പോക്കുവെയില്‍" എന്നചിത്രത്തില്‍ അഭിനയിച്ച ഓര്‍മ.നിശബ്ദതയെ കലയിലും ജീവിതത്തിലും പ്രണയിച്ച അരവിന്ദന്‍. അരവിന്ദനിലേക്ക് കണ്ണാടി തിരിച്ചു പിടിച്ചിരിക്കുന്നു ചുള്ളിക്കാട്.(സമകാലിക മലയാളം) മാതൃഭുമിയുടെ ബ്ലോഗനയില്‍ ഇത്തവണ റഫീക്ക് വടക്കാംചേരിയുടെ 'ഇന്ദുലേഖ 'യാണ്. അടുത്തിടെ അന്തരിച്ച സഖാവ് . ബാലാനന്ദനെ അനുസ്മരിക്കുന്നു പി. സദാശിവന്‍ പിള്ള സമകാലികമലയാളം വാരികയില്‍ . ദേശാഭിമാനിയില്‍ ആകട്ടെ സഖാവിനെ ഓര്‍ക്കുന്നത് പയപ്പിള്ളി ബാലനാണ്. ചെറുകാടിന്റെ 'മുത്തശി ' എന്ന നോവലിന്റെ വായന നടത്തുന്നു ഡോ. കെ.കെ.എന്‍. കുറുപ്പ്.
ദൈവം സൃഷ്ടിച്ചത് നശിപ്പിക്കാന്‍ മനുഷ്യന് അധികാരമുണ്ടോ...?ദയാവധത്തിന് നിയമ സാധുത നല്‍കണമെന്ന നിയമ പരിഷ്കരണ കമ്മിഷന്‍ ശുപാര്‍ശയുടെ ശരിതെറ്റുകള്‍ വിശകലനം ചെയ്യുന്നു രഞ്ജിത്ത് കെ.ആര്‍,അബ്ദുള്ള മണിമ എന്നിവര്‍ മാധ്യമം വാരികയില്‍. ദയാവധം അര്‍ഹിക്കുന്ന ഒരാള്‍ക്ക്‌ അത് നിഷേധിക്കുന്നതിലെ അമാനവികത ചോദ്യം ചെയ്തിരുന്നു കഴിഞ്ഞ ലക്കം സമകാലിക മലയാളം വാരികയുടെ മുഖപ്രസംഗം. ഏതായാലും മതവും ദൈവവും ഇടപെടുന്ന ഇത്തരം പൊള്ളുന്ന പ്രശ് നങ്ങള്‍ കൈകാര്യം ചെയ്യാന്‍ അടുത്ത തെരഞ്ഞെടുപ്പ് വരെയെങ്കിലും സര്‍ക്കാര്‍ മടിക്കും . തീര്‍ച്ച.

2009, ജനുവരി 21, ബുധനാഴ്‌ച

വിമതലൈംഗികതയുടെ ചലച്ചിത്ര ഭാഷ്യങ്ങള്‍


ലെസ്ബിയന്‍ സെക്സ് പ്രമേയമാക്കി മലയാളത്തില്‍ വളരെക്കുറച്ച്‌ സിനിമകളെ ഉണ്ടായിട്ടുള്ളൂ. പദ്മരാജന്റെ ദേശാടനക്കിളി കരയാറില്ല ,ലിജിപുല്ലപ്പള്ളിയുടെ സഞ്ചാരം എന്നീ സിനിമകള്‍ ഗണത്തില്‍ തന്നെ.ദേശാടനക്കിളി കരയാറില്ല, സഞ്ചാരം എന്നീ സിനിമകളെ താരതമ്യം ചെയ്യുന്നു എം നവനീത മാതൃഭൂമിയില്‍. എണ്‍പതുകളില്‍സ്വവര്‍ഗ ലൈംഗികതയെ കുറിച്ചു ചര്‍ച്ചചെയ്യാത്ത സമയത്താണ് ദേശാടനക്കിളിപ്രദര്‍ശിപ്പിച്ചത്.എന്നാല്‍ ആ അവസ്ഥ ഇപ്പോള്‍ മാറിയിട്ടുണ്ട്. ദേശാടനക്കിളിയില്‍ ഗാര്‍ഹികഇടങ്ങളുടെ
അഭാവം ആണെങ്കില്‍ സഞ്ചാരം അവയാല്‍ സമൃദ്ധമാണ്. വിമോചനസമരത്തെ വിലയിരുത്തുന്നലേഖനങ്ങളും ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവിന്റെ കഥയുമുണ്ട്. ബ്ലോഗനയില്‍ നസീര്‍ കടിക്കാട്‌ആണ്.
മലയാളിയുടെ ഗള്‍ഫ് സ്വപ്‌നങ്ങള്‍ പൊലിയുമൊ എന്ന വേവലാതിപങ്കുവെക്കുന്നു എം. സി എ നാസര്‍ മാധ്യമത്തില്‍. സാമ്പത്തിക മാന്ദ്യത്തിന്റെ കൂടെ എണ്ണവിലതാഴുന്നു. തൊഴിലാളികള്‍ പിരിച്ചുവിടപ്പെടുന്നു. ഈ സാഹചര്യത്തിന്റെ വിശകലനമാണ് ഈ ലേഖനം. പി.വി.ഷാജികുമാറിന്റെ രൂപങ്ങള്‍ എന്നകഥ മികച്ച വായനാനുഭവം പകരുന്നില്ല.
സാമ്പത്തിക മാന്ദ്യത്തെ മറികടക്കുവാന്‍ സര്‍ക്കാര്‍ സ്വീകരിച്ച വഴികള്‍പ്രതിസന്ധി രൂക്ഷമാക്കുമെന്ന് ശ്രീരംഗനാഥന്‍ സമകാലിക മലയാളം വാരികയില്‍. ഇത്തരം പണംഊഹ കച്ചവടത്തിലേക്കു ഒഴുകുമത്രെ.ഇറാനിയന്‍ ചലച്ചിത്ര സംവിധായിക സമീറ മഖ് മല്‍ ബഫിന്റെസിനിമാജീവിതം വിലയിരുത്തുന്നു എച് .ഷാജി. ദേശാഭിമാനിയില്‍ ആകട്ടെ പലസ്തീന്‍ പ്രശ്നംവിശകലനം ചെയ്യുന്നു റോബര്‍ട്ട് ഫിസ്ക്, ഒസാമ മൂസ, വി.ബി. പരമേശ്വരന്‍, അസീസ്‌ തുവൂര്‍തുടങ്ങിയവര്‍. എ. ആര്‍ റഹ്മാനെ കുറിച്ചു റജി ആര്‍. നായര്‍. മോഡിയുടെ വികസന നയത്തില്‍തകര്‍ന്നുപോയ ചെറുകിട വസ്ത്ര നിര്‍മാണ മേഖല ,പിരിച്ചുവിടപ്പെട തൊഴിലാളികള്‍ .സത്യത്തിന്റെതകര്‍ച്ച ,രാമലിംഗരാജുവിന്റെ കുമ്പസാരം തുടങ്ങിയവയെ സമീപിച്ചു മുതലാളിത്തത്തിന്റെ പ്രതിസന്ധിവെളിവാക്കുന്നു എ.വി. അനില്‍കുമാര്‍.

2009, ജനുവരി 14, ബുധനാഴ്‌ച

ഷണ്ഡന്‍മാരുടെ ലോകത്തില്‍ പെണ്ണുടലുകളുടെ പ്രസക്തി


സിവിക് ചന്ദ്രന്റെ കവിത "അവസാനത്തെ അത്താഴം" പുതുകവികള്‍ തീര്‍ച്ചയായുംവായിക്കണം.(പച്ചക്കുതിര)വര്‍ത്തമാനകാലം കവിതയിലേക്ക് സംക്രമിപ്പിക്കുന്ന ഇന്ദ്രജാലം കവിതയില്‍ കാണാം. പരസ്പരം വേര്‍പിരിയുവാന്‍ തീരുമാനിച്ച ദമ്പതികള്‍ നക്ഷത്ര ഭോജനശാലയില്‍ അവസാനത്തെ അത്താഴം കഴിക്കവേ ഭീകരാക്രമണം നടക്കുന്നു.ഏക മകള്‍ ഹോസ്റലില്‍.എസ്.എം .എസ് പ്രളയം. വെടിയേറ്റു വീഴുന്നവര്‍.കമാണ്ടോകള്‍ ഇരുവരെയും രക്ഷിച്ചു ഒരുമുറിയില്‍ ആക്കുന്നു.ഒറ്റ കട്ടില്‍.പുറത്തു പെയ്യുന്നതൊടുവിലത്തെ പ്രളയമാകട്ടെ/പഴയ നോഹയുടെ പെട്ടകത്തിലിപ്പോള്‍ നമിരുവര്‍ മാത്രം ,ഒരാണും പെണ്ണും എന്ന് കവി എഴുതുന്നു. എഴുത്തുവിദ്യ വശമുള്ള ,അധികമൊന്നും എഴുതാത്ത കവിയെ , വിദ്യ കൈവശമില്ലാത്ത പുതുകവികള്‍ തീര്‍ച്ചയായും വായിക്കണം. കവിത്വത്തിന്റെ മാസ്മരികത അനുഭവിക്കാന്‍.
വിദ്യ തീരെ ഇല്ലെന്നു നമ്മെ ബോധ്യപ്പെടുത്തുന്നു "കിളിപേച്ചു കേള്‍ക്കവാ" എന്ന കഥ എഴുതിയ വിനോദ് നായര്‍. (ഭാഷാപോഷിണി.) തീര്‍ത്തും ദുര്‍ബലമായ കഥ യാതൊരു വായനാ സുഖവും നല്‍കുന്നില്ല. പക്ഷികളുടെ സംസാരം മനിസ്സിലാക്കാന്‍ കഴിയുന്ന ദിലീപന്‍.ആഖ്യാനത്തിന്റെ വശ്യത ഇല്ലായ്മയാണ് കഥയെ ദുര്‍ബലമാക്കുന്നത്. ഇതേ ആശയം മനോഹരമായി അവതരിപ്പിച്ച വി .ജെ .ജയിംസിന്റെ "ഭാഷാവരം" എന്ന കഥ കഥാകാരന്‍ വായിക്കുന്നത് നന്ന്. നല്ല കഥകള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന ഭാഷാപോഷിണിയില്‍ ഇത്തരം കഥകള്‍ പ്രത്യക്ഷപ്പെടുന്നത് എങ്ങനെയാണ്?ഇതേ ജനുസ്സില്‍ പെടുന്ന കഥതന്നെയാണ് സുഹറ കൂട്ടായി എഴുതിയ " മറ്റൊരു പച്ച ബസ്സ് "എന്ന കഥ. (ദേശാഭിമാനി വാരിക).എന്നാല്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച
"
ടൈറ്റാനിക് "എന്ന പി.എസ് .റഫീക്കിന്റെ കഥ മനോഹരമാണ്.ഭാഷയുടെ ജൈവികത കഥയില്‍
തെളിഞ്ഞു കാണാം.പിക്ക് അപ് വാന്‍ ഓടിക്കുന്ന കസ്തുരിയുടെ ലോകം വായനക്കാര്‍ക്ക് അനുഭവിക്കാം.
ഷണ്ഡന്‍മാരുടെ ലോകം പോലും പെണ്ണുടലുകളെ വെറുതെ വിടുന്നില്ല. കഥയില്‍ തോമസ് മുതലാളി. മന്ദബുദ്ധിയായ മകള്‍ തിരളുന്നത് കസ്തുരിയെ ഭയപ്പെടുത്തുന്നു .ശില്പഭദ്രമാണ് കഥ. ബ്ലോഗനയില്‍ ഇത്തവണ ബെര്‍ലി തോമസ് ആണ്."കേരള ട്രാഫിക് ഗൈഡ് "എന്ന ബ്ലോഗ് പോസ്റ്റ്.
ആക്ഷേപ ഹാസ്യം ബെര്‍ലി തോമസിന്റെ എഴുത്തുമുദ്രയാണ്.

2009, ജനുവരി 7, ബുധനാഴ്‌ച

ഓപ്പറേഷന്‍ കാസ്റ്റ് ലീസ് അഥവാ മുസ്ലിം ലീഗ് പ്രതിക്കൂട്ടില്‍ ആകുന്ന വിധം


ഇസ്രയേല്‍,ഗാസയില്‍ നടത്തുന്ന ആക്രമണത്തിന്റെ രാഷ്ട്രീയം വിശകലനം ചെയ്യുന്നു കെ.ടി.കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി വാരികയില്‍. ഇസ്രയേല്‍ ,അമേരിക്ക എന്നീ രാജ്യങ്ങളെവിമര്‍ശിക്കാന്‍ ഇ.അഹമ്മദ് മന്ത്രി ആയ സര്‍ക്കാരിനു എന്തുകൊണ്ട് കഴിയുന്നില്ല? ഇസ്രായേലില്‍നിന്നും ഭാരതം വാങ്ങി ക്കൂട്ടിയ ആയുധങ്ങള്‍,നമ്മുടെ ചാന്ദ്രയാന്‍ പദ്ധതിയില്‍ ഇസ്രായേലിന്റെസഹകരണം.കൂടാതെ ഭാരതത്തിന്റെ ചാര ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് പാലസ്തീന്‍ജനവാസ മേഖലകളില്‍ ഇസ്രയേല്‍ ബോംബ് വര്‍ഷിക്കുന്നത്.ഇസ്രയേല്‍ ചാരസംഘടനയായമൊസാദിനു ഡല്‍ഹിയില്‍ ഓഫീസ് ഉണ്ട്.അപ്പോള്‍ സര്‍ക്കാറിന്റെ മൌനം സമ്മതമാണ്. അഹമ്മദ്പുലര്‍ത്തുന്ന മൌനവും.അടുത്തിടെ അന്തരിച്ച ബ്രിടീഷ് നാടകകൃത്തായ ഹാരോള്‍ഡ്‌ പിന്റെരിനെസ്മരിക്കുന്നു പി. പി രവീന്ദ്രന്‍ .പിന്റെരിന്റെ ആഖ്യാന ശൈലി റിയലിസത്തിന്റെ ഒരു സവിശേഷധാരയായോ, റിയലിസത്തെ മറികടക്കാനുള്ള ശ്രമാമായോ കാണണം. റൂം തൊട്ടു മൂണ്‍ ലൈറ്റ്വരെയുള്ള കൃതികളില്‍ ഇതു കാണാം.
മുഖ്യമന്ത്രിയുടെ ഐ.ടി.ഉപദേഷ്ടവായിരുന്ന ജോസെഫ് സി മാത്യുസംസാരിക്കുന്നു പുതിയ സമകാലിക മലയാളം വാരികയില്‍. താന്‍ ഭൂ മാഫിയയുടെ ഇരയാണെന്നുംഐ.ടി.വകുപ്പ് അറിയാതെ ഉള്ള വ്യവസായ വകുപ്പിന്റെ ഇടപെടലിന് നിക്ഷിപ്ത താല്പര്യങ്ങള്‍ഉണ്ടെന്നും അദ്ദേഹം പറയുന്നു. കാര്ടൂനിസ്റ്റ് അബൂ അബ്രഹാമിനെ സ്മരിക്കുകയാണ് ആര്‍ടിസ്റ്റ് നമ്പൂതിരി, ഉണ്ണി, സദാനന്ദ് മേനോന്‍, കേരളവര്‍മ്മ തുടങ്ങിയവര്‍. മലയാളത്തെ രണ്ടാംതരമായി കാണുന്ന കേരളത്തില്‍ മലയാളത്തിനു ക്ലാസിക്കല്‍ പദവി എന്നതിന് എന്തുമാത്രം പ്രസക്തിയുണ്ടെന്ന് ചോദിക്കുന്നു കെ.എം.പ്രഭാകര വാര്യര്‍, പി.എം.ഗിരീഷ് എന്നിവര്‍. കുഞ്ഞപ്പപട്ടാനൂരിന്റെ നന്ദി, ഗ്രാമങ്ങളെ എന്ന നല്ല കവിതയും വാരികയില്‍ ഉണ്ട്.
എം.ടി.വാസുദേവന്‍ നായരെ കുറിച്ചു പുനത്തില്‍ കുഞ്ഞബ്ദുള്ളമാതൃഭൂമിയില്‍. എം.ടി എന്ന വ്യക്തിയെ, പത്രാധിപരെ വിലയിരുത്തുന്നു അദ്ദേഹം. മുമ്പും എം.ടി.യെപറ്റി കുഞ്ഞബ്ദുള്ള എഴുതിയതില്‍ നിന്നു പുതിയതൊന്നും ഇതില്‍ ഇല്ല എന്ന് പറയേണ്ടിയിരിക്കുന്നു. സക്കറിയയുടെ കഥ അറുപതുവാട്ടിന്റെ സൂര്യന്‍ . അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ ദൌത്യവും അവിടുത്തെ ജീവിതവും കാണുകയാണ് ഡോ. രാജഗോപാല്‍ കമ്മത്ത്.
മൂന്നു നോവലുകളിലെ (മുസ്ലിം)സ്ത്രീ കഥാപാത്രങ്ങള്‍ ,അവരുടെ ജീവിതം എന്നിവയെ വിമര്‍ശനബുദ്ധിയോടെ സമീപിക്കുന്നു ഡോ .ഖദീജ മുംതാസ്. സ്ത്രീ ജീവിതം പുരുഷന്‍ ആവിഷ്കരിക്കുമ്പോള്‍ ഉണ്ടാകുന്ന പാഠവും സ്ത്രീ ആവിഷ്കരിക്കുമ്പോള്‍ ഉണ്ടാക്കുന്ന പാഠവും. കൂടുതല്‍ സുതാര്യതഏതിനാകും?പുരുഷകേന്ദ്രിത സമൂഹം പെണ്ണിനെ അസ്വതന്ത്ര ആക്കാനാണ് എപ്പോഴും ശ്രമിക്കുക. ബ്ലോഗനയില്‍ കുഴൂര്‍ വില്‍സണ്‍ എഴുതിയ കവിതകള്‍ ആണ്. ഒരു മരത്തിന്റെ ആത്മാവ്. ബ്ലോഗ് രചനകള്‍ക്ക് അര്‍ഹമായ ഇടം അനുവദിക്കുന്ന വാരികയുടെ ശ്രമം അഭിനന്ദനീയം തന്നെ.