2009, ജനുവരി 14, ബുധനാഴ്‌ച

ഷണ്ഡന്‍മാരുടെ ലോകത്തില്‍ പെണ്ണുടലുകളുടെ പ്രസക്തി


സിവിക് ചന്ദ്രന്റെ കവിത "അവസാനത്തെ അത്താഴം" പുതുകവികള്‍ തീര്‍ച്ചയായുംവായിക്കണം.(പച്ചക്കുതിര)വര്‍ത്തമാനകാലം കവിതയിലേക്ക് സംക്രമിപ്പിക്കുന്ന ഇന്ദ്രജാലം കവിതയില്‍ കാണാം. പരസ്പരം വേര്‍പിരിയുവാന്‍ തീരുമാനിച്ച ദമ്പതികള്‍ നക്ഷത്ര ഭോജനശാലയില്‍ അവസാനത്തെ അത്താഴം കഴിക്കവേ ഭീകരാക്രമണം നടക്കുന്നു.ഏക മകള്‍ ഹോസ്റലില്‍.എസ്.എം .എസ് പ്രളയം. വെടിയേറ്റു വീഴുന്നവര്‍.കമാണ്ടോകള്‍ ഇരുവരെയും രക്ഷിച്ചു ഒരുമുറിയില്‍ ആക്കുന്നു.ഒറ്റ കട്ടില്‍.പുറത്തു പെയ്യുന്നതൊടുവിലത്തെ പ്രളയമാകട്ടെ/പഴയ നോഹയുടെ പെട്ടകത്തിലിപ്പോള്‍ നമിരുവര്‍ മാത്രം ,ഒരാണും പെണ്ണും എന്ന് കവി എഴുതുന്നു. എഴുത്തുവിദ്യ വശമുള്ള ,അധികമൊന്നും എഴുതാത്ത കവിയെ , വിദ്യ കൈവശമില്ലാത്ത പുതുകവികള്‍ തീര്‍ച്ചയായും വായിക്കണം. കവിത്വത്തിന്റെ മാസ്മരികത അനുഭവിക്കാന്‍.
വിദ്യ തീരെ ഇല്ലെന്നു നമ്മെ ബോധ്യപ്പെടുത്തുന്നു "കിളിപേച്ചു കേള്‍ക്കവാ" എന്ന കഥ എഴുതിയ വിനോദ് നായര്‍. (ഭാഷാപോഷിണി.) തീര്‍ത്തും ദുര്‍ബലമായ കഥ യാതൊരു വായനാ സുഖവും നല്‍കുന്നില്ല. പക്ഷികളുടെ സംസാരം മനിസ്സിലാക്കാന്‍ കഴിയുന്ന ദിലീപന്‍.ആഖ്യാനത്തിന്റെ വശ്യത ഇല്ലായ്മയാണ് കഥയെ ദുര്‍ബലമാക്കുന്നത്. ഇതേ ആശയം മനോഹരമായി അവതരിപ്പിച്ച വി .ജെ .ജയിംസിന്റെ "ഭാഷാവരം" എന്ന കഥ കഥാകാരന്‍ വായിക്കുന്നത് നന്ന്. നല്ല കഥകള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന ഭാഷാപോഷിണിയില്‍ ഇത്തരം കഥകള്‍ പ്രത്യക്ഷപ്പെടുന്നത് എങ്ങനെയാണ്?ഇതേ ജനുസ്സില്‍ പെടുന്ന കഥതന്നെയാണ് സുഹറ കൂട്ടായി എഴുതിയ " മറ്റൊരു പച്ച ബസ്സ് "എന്ന കഥ. (ദേശാഭിമാനി വാരിക).എന്നാല്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച
"
ടൈറ്റാനിക് "എന്ന പി.എസ് .റഫീക്കിന്റെ കഥ മനോഹരമാണ്.ഭാഷയുടെ ജൈവികത കഥയില്‍
തെളിഞ്ഞു കാണാം.പിക്ക് അപ് വാന്‍ ഓടിക്കുന്ന കസ്തുരിയുടെ ലോകം വായനക്കാര്‍ക്ക് അനുഭവിക്കാം.
ഷണ്ഡന്‍മാരുടെ ലോകം പോലും പെണ്ണുടലുകളെ വെറുതെ വിടുന്നില്ല. കഥയില്‍ തോമസ് മുതലാളി. മന്ദബുദ്ധിയായ മകള്‍ തിരളുന്നത് കസ്തുരിയെ ഭയപ്പെടുത്തുന്നു .ശില്പഭദ്രമാണ് കഥ. ബ്ലോഗനയില്‍ ഇത്തവണ ബെര്‍ലി തോമസ് ആണ്."കേരള ട്രാഫിക് ഗൈഡ് "എന്ന ബ്ലോഗ് പോസ്റ്റ്.
ആക്ഷേപ ഹാസ്യം ബെര്‍ലി തോമസിന്റെ എഴുത്തുമുദ്രയാണ്.

4 അഭിപ്രായങ്ങൾ: