2009, ഏപ്രിൽ 29, ബുധനാഴ്‌ച

ശവമുറിയില്‍നിന്നുള്ള ആത്മഭാഷണങ്ങള്‍.


കോഴിക്കോട്‌ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് സര്‍ജന്‍ ആയ ഡോക്ടര്‍ .ഷേര്‍ലി വാസു എഴുതിയ പോസ്റ്റ് മോര്‍ട്ടം ടേബിള്‍ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പുസ്തകമാണ്. തന്റെ മോര്‍ച്ചറി അനുഭവങ്ങള്‍ ,അവയുടെ സൂക്ഷ്മാവസ്ഥയില്‍ അവര്‍ വായനക്കാരുമായി പങ്കു വച്ചു. കീറിമുറിക്കപ്പെട്ട പലതരം ജഡങ്ങള്‍ ഡോക്ടറുമായി സംവദിച്ചു. ഹൃദയത്തിന്റെ ഭാഷയില്‍. ഇതിന് അനുബന്ധമായി വായിക്കാവുന്ന രചനയാണ് പുതിയ മാധ്യമം വാരികയില്‍ അവര്‍ എഴുതിയ ലേഖനം. കാമം പലപ്പോഴും ഭ്രാന്താകുന്നുവെന്നും ഭ്രാന്ത് പിഞ്ചു കുഞ്ഞുങ്ങളെയും വെറുതെ വിടുന്നില്ലെന്നും നമുക്കറിയാം. . കേവലം ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞു ക്രുരമായി ബലാല്‍സംഗം ചെയ്യപ്പെട്ടു. മരണമടഞ്ഞ കുഞ്ഞിന്റെ ജഡം പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടറിന്റെ വിചാരങ്ങളാണ് ഇത്. ഇളം ദേഹത്തിലുടെപാളുന്ന കത്തി മലയാളിയോട് ഒരുപാടു കാര്യങ്ങള്‍ പറയാതെ പറയുന്നുണ്ട്. ഇത്തരം അവസരങ്ങളില്‍ താന്‍ തന്റെ ഹൃദയത്തിലുടെ കത്തി പാളിക്കുകയാണ് എന്ന് ഡോക്ടര്‍.
ശ്രീലങ്കയിലെ വംശീയ പ്രശ്നം വിശകലനം ചെയ്യുകയാണ് ജെ.ആര്‍ .എഴുത്തച്ചന്‍ .പുലികള്‍ക്കും സര്‍ക്കാരിനും ഇടയിലുടെയുള്ള തമിഴ് ജീവിത ദുരിതങ്ങള്‍ .ഇന്ത്യയുടെ മാരകമായ നിശബ്ദത . ഇതേ പ്രശ്നം തന്നെയാണ് സമകാലിക മലയാളം വാരികയുടെ കവര്‍ സ്റ്റോറി. ഡോക്ടര്‍ .എം.കെ.സീതി ,ശ്രീലങ്കന്‍ പ്രശ്നത്തിന്റെ ചരിത്രവും വര്‍ത്തമാനവും വായിക്കുന്നു. പുലികള്‍ക്കുമേല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നേടുന്ന വിജയവും ഭാവിയില്‍ പരാജയമാകും. കാരണം തമിഴ് ന്യൂനപക്ഷത്തിന്റെ വംശഹത്യയാണ് ഇപ്പോള്‍ അവിടെ നടക്കുന്നത്.

രാഘവന്‍ തിരുമുല്‍പ്പാടിന്റെ ജീവിതം വായിക്കുകയാണ് സി.ആര്‍.പരമേശ്വരന്‍ മാതൃഭൂമി വാരികയില്‍. തന്റെ അറിവ് ഒരിക്കലും മറ്റുള്ളവരെ കീഴടക്കാനായി തിരുമുല്‍പ്പാട് ഉപയോഗിച്ചിട്ടില്ല. അത് മറ്റുള്ളവരുടെ നന്മക്കായി ചിലവഴിച്ചു. ജീവിതം തന്നെ ഒരുപാട്‌ പഠിപ്പിച്ചിട്ടുണ്ടെന്നും തിരിച്ചറിവ് നല്‍കിയിട്ടുണ്ടെന്നും പരമേശ്വരന്‍. ടി.വി.ചന്ദ്രന്റെ സ്ത്രീ കഥാപാത്രങ്ങളെ-ഹേമാവിന്‍ കാതലര്‍കള്‍ തൊട്ട് ഭൂമിമലയാളം വരെയുള്ള സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളെ വിലയിരുത്തുന്നു കെ.ഗോപിനാഥന്‍. അടഞ്ഞ ഇടങ്ങളില്‍ (വീട്)നിന്നു പുറത്തു കടക്കുന്നവരാണ് സ്ത്രീകള്‍ എല്ലാം. അതുകൊണ്ട് തന്നെ സൂസന്ന പോലുള്ള കഥാപാത്രങ്ങള്‍ പലപ്പോഴും അവമതിക്കപ്പെടുന്നു.സൂക്ഷ്മമായ വിലയിരുത്തലുകള്‍ കൊണ്ടു സമൃദ്ധമാണ് ലേഖനം.
ബ്ലോഗനയില്‍ വിശാലമനസ്ക്കന്റെ പോസ്റ്റ് ആണ്.

മുസ്ലിമിന്റെ സ്വത്വ പ്രതിസന്ധി ചര്‍ച്ചചെയ്യുന്നു പുതിയ ദേശാഭിമാനി വാരിക. മുസ്ലിം ലീഗിന്റെ പരാജയങ്ങളെ മുസ്ലിം സ്വത്വ പ്രതിസന്ധിയായി ചര്‍ച്ച ചെയ്യുന്നത് അവരെ സഹായിക്കാന്‍ മാത്രമാണ്. മലബാര്‍ കലാപം, പാക്കിസ്ഥാന്‍ വാദം, ബാബറി മസ്‌ജിദ് തകര്‍ച്ച തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ മുസ്ലിം സ്വത്വ പ്രതിസന്ധി അനുഭവിച്ചു. ബഹു സ്വരമായ ഒരു ജീവിത വ്യവസ്ഥയില്‍ നിന്നു എകസ്വരമായ അവസ്ഥയിലേക്ക് മുസ്ലിമിനെ മാറ്റാന്‍ ബോധ പൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. ഇത് അവരെ പ്രതിസന്ധിയിലേക്ക് നയിക്കാന്‍ ഉതകും.
കഴിഞ്ഞ
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തു വിവിധ ടി.വി.ചാനലുകളില്‍ സ്ഥാനാര്‍ഥികളുമായുള്ള തത്സമയ സംവാദങ്ങള്‍ ഉണ്ടായിരുന്നു. കൈരളിയില്‍ സംപ്രേഷണം ചെയ്യപ്പെട്ട പടക്കളം പരിപാടിയുടെ ഓര്‍മ്മകള്‍ പങ്കു വക്കുന്നു അതിന്റെ അവതാരകനായ ആര്‍.സുഭാഷ്‌. പൊന്നാനിയില്‍ വച്ചു ഒരു പയ്യന്‍ യു.ഡി.എഫ്‌. സ്ഥാനാര്‍ഥിയെ പ്രകോപിപ്പിച്ച അനുഭവം. മറ്റു അനുഭവങ്ങള്‍. തികച്ചും സത്യസന്ധമായ അനുഭവ സാക്ഷ്യങ്ങള്‍. കൂടെ ഇത്തരം പരിപാടിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും. നല്ല വിവരണം. നല്ല ലേഖനം.

2009, ഏപ്രിൽ 22, ബുധനാഴ്‌ച

ഓര്‍മ്മയുണ്ടോ ഈ മുഖം ....?(നളിനി ജമീലയുടെ)


ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ വര്‍ഷങ്ങള്‍ക്കുമുന്‍പ് വില്‍പ്പനയില്‍ ചരിത്രം സൃഷ്ടിച്ചപ്പോള്‍ തന്നെ അനേകം വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഒരു വേശ്യ ആത്മകഥ എഴുതുക എന്ന് പറഞ്ഞാല്‍ എന്തോ വലിയ പാതകമാണെന്ന് തോന്നിക്കും വിധം. മലയാള സാഹിത്യത്തില്‍ നിലനില്ക്കുന്ന തൊട്ടുകൂടായ്മ പ്രകടമായി കാണിക്കുന്നു സംഭവം. വേശ്യയുടെ പേര് നളിനി ജമീല എന്നും ഇരുപതിനായിരത്തോളം കോപ്പികള്‍ വിറ്റഴിഞ്ഞ ആത്മകഥയുടെ പേര് ഞാന്‍ ലൈംഗികതൊഴിലാളി എന്നും ആയിരുന്നു. നല്ലൊരു ഡോക്യുമെന്ററി സംവിധായികകൂടിയായ നളിനി ജമീലയുടെ പുതിയ പുസ്തകം പെന്‍ഗ്വിന്‍ ബുക്സ് പ്രസിദ്ധീകരിക്കുന്നു. അവസരത്തില്‍ അവര്‍ ബൈജു നടരാജനുമായി സംസാരിക്കുന്നു മാതൃഭൂമി വാരികയില്‍. തന്നെ എഴുത്തുകാരിയായി അംഗീകരിക്കാന്‍ മലയാളത്തിലെ എഴുത്തുകാര്‍ക്ക് ഇപ്പോഴും മടിയാണെന്നും അതുകൊണ്ടാണ് ഇംഗ്ലീഷില്‍ എഴുതുന്നതെന്നും അവര്‍ പറയുന്നു. കേരളീയ പെണ്ണവസ്ഥയെയും അവര്‍ വിമര്‍ശിക്കുന്നു അഭിമുഖത്തില്‍. തലപ്പാവ്,ഗുല്‍മോഹര്‍,ഫോട്ടോഗ്രാഫര്‍ എന്നീ സിനിമകളെ താരതമ്യം ചെയ്തപ്പോള്‍ കെ.പി.ജയകുമാര്‍, ഗുല്‍മോഹര്‍ എന്ന സിനിമയോട് നീതിപുലര്‍ത്തിയില്ല എന്ന് ദീദി. ജനകീയ സമരങ്ങളുടെ പ്രതിരോധ സന്ദര്‍ഭങ്ങളെ ഗുല്‍മോഹര്‍ ഒരിക്കലും ഒറ്റുകൊടുത്തിട്ടില്ല.അങ്ങനെ ജയകുമാറിന് തോന്നുന്നത് താന്‍ വച്ച കണ്ണടയുടെ കുഴപ്പം കൊണ്ടാണ്. ബ്ലോഗനയില്‍ ഇത്തവണ പി.ടി.മുഹമ്മദ് സാദിക്കിന്റെ പോസ്റ്റ് ആണ്. രാമനാട്ടുകരയിലുള്ള രോഗിയായ,പുസ്തകങ്ങളെ സ്നേഹിക്കുന്ന മുസ്ടഫയെ സന്ദര്‍ശിച്ച അനുഭവം. ബ്ലോഗ് കൂട്ടായ്മയുടെ സ്നേഹസമ്മാനങ്ങള്‍. ഇതില്‍ രാഷ്ട്രീയമോ മറ്റു ഭിന്നതകളോ ഇല്ല എന്നതാണ് പ്രധാനം.

ഇസ്രായേലുമായുള്ള ആയുധ ഇടപാട് കരാറിലെ അഴിമതി ചൂണ്ടി കാണിക്കുമ്പോള്‍ .കെ.ആന്റണി എന്തുകൊണ്ടാണ് ഞ്ഞ ഞ്ഞ പിഞ്ഞ പറയുന്നതെന്ന് നൈനാന്‍ കോശി മാധ്യമം വാരികയില്‍. കൈമറിഞ്ഞ കോടികള്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഫണ്ടില്‍ എത്തുന്നു എന്നത് മാത്രമല്ലാ, ഇന്ത്യയുടെ വിദേശ നയത്തെതന്നെ ഇതു ബാധിക്കുമെന്ന് ലേഖകന്‍. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം തന്നെ ഇസ്രായേല്‍ പുറത്തുവിട്ടതാണ്. പ്രധിരോധവകുപ്പ് ഇതു രഹസ്യമാക്കി വച്ചത് എന്തുകൊണ്ട് എന്നതാണ് ചോദ്യം. തെരഞ്ഞെടുപ്പ് ആയതുകൊണ്ട് എന്ന് ഉത്തരം. പാകിസ്ഥാനില്‍ താലിബാന്‍ പിടിമുറുക്കുമ്പോള്‍ ഉള്ള അവസ്ഥകളെ വിശകലനം ചെയ്യുന്നു പി.വിശ്വനാഥന്‍ തമ്പി സമകാലികമലയാളം വാരികയില്‍. മൂന്ന് മാസത്തിന്നുള്ളില്‍ രാജ്യം സൈന്യത്തിന്നു മുമ്പിലോ മതചാട്ടവാറിനു മുമ്പിലോ കീഴടങ്ങുമെന്ന് കണക്കാക്കപ്പെടുന്നു. പാക് ചാരസംഘടനയായ .എസ് ആണ് താലിബാനെ പിന്തുണക്കുന്നത്. താലിബാന്‍ പാക്കിസ്ഥാനെ താമസിയാതെ വിഴുങ്ങും. പ്രതിസന്ധിക്കിടയിലും അമേരിക്കയുമായി അകലുന്ന പാകിസ്താന്‍ ചൈനയുമായി അടുക്കുകതന്നെയാണ്. തസ്ലീമ നസ്രിന്റെ പുതിയ നോവല്‍ "വീണ്ടും ലജ്ജിക്കുന്നു" എന്നതിലെ ഒരു ഭാഗവും വാരിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.


2009, ഏപ്രിൽ 17, വെള്ളിയാഴ്‌ച

വോട്ടിന്റെ രാഷ്ട്രീയം


പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായി. ഇനിവിശ്രമത്തിന്റെ നാളുകള്‍.പിന്നെ,വിധി പ്രഖ്യാപനം. അതുകൊണ്ടുതന്നെ ഈ ആഴ്ച പുറത്തിറങ്ങിയവാരികകള്‍ തെരഞ്ഞെടുപ്പിനെ അവലോകനം ചെയ്യുകയും അതിന്റെ രാഷ്ട്രീയം സമഗ്രമായിത്തന്നെവിലയിരുത്തുകയും ചെയ്യുന്നു. ഇടതുപക്ഷത്തിനെ,പ്രത്യേകിച്ചും സി.പി.എമ്മിനെ നിശിതമായിവിമര്‍ശിക്കുന്നു സമകാലിക മലയാളം. മനുഷ്യന്റെ നിലവിളികള്‍ കേള്‍ക്കാത്ത പക്ഷമായി ഇടത് എന്ന്കെ.ഹരിദാസ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വേറിട്ട ഒരു സ്ഥാനം ഇടതിനുണ്ട്. അത് ജനപക്ഷത്തുനില്‍ക്കുകയും ഇടപെടുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ആണ്. അതില്‍നിന്നുള്ള വ്യതിചലനംമുന്നണിയെ ദുര്‍ബലപ്പെടുത്തും.വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പരിസരങ്ങളില്ലൂടെകടന്നുപോകുന്നു സമകാലിക മലയാളം ലേഖകര്‍. മുസ്ലിയാക്കന്മാരുടെ കൂടെ പോകുകയാണ്സി.പി.എം. ഇപ്പോള്‍ എന്ന് ഹമീദ് ചേന്നമംഗലൂര്‍ .വ്യവസ്ഥാപിത ,പുരോഗമന നിലപാടുകളില്‍ നിന്നുവ്യതിചലിക്കുന്ന പാര്‍ട്ടിയായി സി.പി.എം. മതപ്രീണനം താല്‍ക്കാലിക ലാഭത്തിനായി മറ്റുള്ളവരെപ്പോലെ അവരും ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ തന്റെ വോട്ട് നിഷേധ വോട്ടാണെന്നുഹമീദ് ചേന്നമംഗലൂര്‍ മാതൃഭൂമി വാരികയില്‍. മാതൃഭൂമിയുടെ കവര്‍സ്റ്റോറിതന്നെ എന്റെ വോട്ട്,എന്റെ രാഷ്ട്രീയം എന്നതാണ്. പ്രമുഖര്‍ തങ്ങളുടെ രാഷ്ട്രീയം വ്യക്തമാക്കുന്നു. കെ.വേണു, ഓ .അബ്ദുറഹിമാന്‍,വി.കെ.ശ്രീരാമന്‍, സേതു, ജ്യോതി നാരായണന്‍, കെ.കെ.കൊച്ചുതുടങ്ങി ഒരു നീണ്ട നിരതന്നെയുണ്ട്. എന്‍.ഡി.എഫിനെക്കുറിച്ചുള്ള തന്റെ അഭിപ്രായംപഴയതുതന്നെയെന്നു യുത്ത് ലീഗ് പ്രസിഡന്റ് കെ.എം.ഷാജി.ജനാധിപത്യം ,മതേതരത്വം എന്നിവയ്ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത എന്‍.ഡി.എഫിന്റെ പ്രത്യയ ശാസ്ത്ര പെടോള്‍ ടാങ്ക് ജമാഅത്തെഇസ്ലാമിയാണ്. അതിനെ എന്തുകൊണ്ട് സി.പി.എം. തള്ളിപ്പറയുന്നില്ല എന്ന് അദ്ദേഹം ചോദിക്കുന്നു.
ചോദ്യം പ്രസക്തം തന്നെ. പക്ഷെ, എന്‍.ഡി.എഫിന്റെ വോട്ടുകള്‍ സ്വീകരിച്ചുകൊണ്ടല്ല ഈ വാദം ഉയര്‍ത്തേണ്ടത്.

ഭാഷാപോഷിണിയുടെ ഈ ലക്കത്തിന്റെ ആകര്‍ഷണീയത കന്നഡ സിനിമയിലെ സമാന്തരപ്രവാഹത്തിന്റെ ശക്തനായ വക്താവ് ഗിരിഷ് കാസറവള്ളിയുമായുള്ള അഭിമുഖമാണ്. സിനിമയോടുള്ള തന്റെ സമീപനം അദ്ദേഹം തുറന്നു പറയുന്നു ഈ ദീര്‍ഘ അഭിമുഖത്തില്‍. എം.ടി.വാസുദേവന്‍ നായര്‍പക്ഷെ,ഓര്‍മിക്കുന്നത്‌ താന്‍ തിരക്കഥ എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത നഖക്ഷതങ്ങളിലുടെ മുഖ്യ ധാരയിലെത്തിയ മോനിഷ എന്ന നടിയുടെ സിനിമപ്രവേശവും അകാലത്തിലുള്ള അവരുടെവേര്‍പ്പാടുമാണ്. മനോഹരമായ ആഖ്യാനം .ജോണ്‍ എബ്രഹാമിന്റെ അഗ്രഹാരത്തിലെ കഴുതൈ എന്നസിനിമയുടെ കഥാസാരവും ഈ ലക്കത്തില്‍ ഉണ്ട്.

2009, ഏപ്രിൽ 9, വ്യാഴാഴ്‌ച

വലതിന് പതിനേഴ്‌ ; ഇടതിന് മൂന്ന്.


പ്രവചനങ്ങളെ, പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് പ്രവചനങ്ങളെ അവിശ്വസിക്കാം. പക്ഷെ, അതിന്റെസാധ്യതകളെ തള്ളിക്കളയരുത്. ജനങ്ങള്‍ക്കിടയിലൂടെ ,അവരുടെ അഭിപ്രായങ്ങളിലൂടെ യാത്രപോകുന്ന ഒരു മാധ്യമ പ്രവര്‍ത്തക തീര്‍ച്ചയായും ചില നിഗമനങ്ങളില്‍ എത്തിച്ചേരും. പ്രവചനസ്വഭാവമുള്ള നിഗമനങ്ങള്‍.പ്രത്യേകിച്ച് കേരള -ദേശീയ രാഷ്ട്രീയം തീരെ ചര്‍ച്ച ചെയ്യപ്പെടാത്ത ഈതെരഞ്ഞെടുപ്പില്‍. ഈ സംഗതികള്‍ തന്നെയാണ് ഈ ആഴ്ച പുറത്തിറങ്ങിയ സമകാലിക മലയാളംവാരികയും മാതൃഭൂമി വാരികയും മുന്നോട്ടു വയ്ക്കുന്നത്. ഇടതുപക്ഷത്തിന്റെ പരാജയം ഉറപ്പിക്കുന്നുസമകാലികമലയാളം. കാസര്‍കോട്, ആറ്റിങ്ങല്‍ ,ആലത്തൂര്‍ എന്നി ഉറച്ച സീറ്റുകള്‍ എല്‍.ഡി.എഫിന്. ഒന്നുകൂടിനേടിയേക്കാം ഒരു പക്ഷെ. വയനാട് മുരളിക്ക്. തിരുവനതപുരത്ത് നാടാര്‍, ദളിത് വോട്ടുകള്‍ പിടിച്ചാല്‍വിജയം ഇടതിന്. മലപ്പുറം വലതിന്റെ കൂടെ. പതിനേഴ്‌ സീറ്റുകള്‍ വലതിന് ഉറപ്പിക്കുന്നു ജി.നിര്‍മല. അട്ടിമറികള്‍ സംഭവിച്ചില്ലെങ്കില്‍ എന്ന മുന്‍‌കൂര്‍ ജാമ്യത്തോടെ.
ഗഹനമായ തെരഞ്ഞെടുപ്പ് വിശകലനം നടത്തുന്നു പി .കെപ്രകാശ് മാതൃഭൂമിയില്‍ . ജാതി മത രാഷ്ട്രീയം ഇടതുപക്ഷത്തിനെപോലും ഗ്രസിക്കുമ്പോള്‍ (ഈ കാര്യത്തില്‍വലതിന്റെ കാര്യം പറയാനേയില്ല) ഇ.എം.എസിനെന്തു പ്രസക്തി എന്ന ചോദ്യം. ഇടതുമുന്നണിഎന്നത് താല്‍കാലിക രാഷ്ട്രീയ നേട്ടത്തിനുള്ള സംവിധാനമല്ല. മറിച്ച് ജനകീയ പ്രശ്നങ്ങള്‍ഏറ്റെടുക്കാനുള്ള സമരമുന്നണിയാണ്. (ഇ.എം.എസ്).പക്ഷെ, ഇപ്പോഴത്തെ ഇടതുമുന്നണി ,അതിന്റെഅവസ്ഥ.പി.ഡി.പി.യുടെ പിന്തുണ.എല്ലാം കൂടിചേരുമ്പോള്‍ കേരളം ഇരുട്ടിലേക്ക്. പിണറായിവിജയന് , ഇ.എം.എസ്. ആകാനാകുമോ അല്ലെ?ഇടതു ബദലിന് വി.എസിനെ വിശ്വസിക്കാന്‍ആവില്ലെന്ന് പി.സുരേന്ദ്രന്‍. പക്ഷെ,ഈ ആശയം രൂപപ്പെടാന്‍ വി.എസിന്റെ ഇടപെടലുകള്‍കാരണമായിട്ടുണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍. മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെമൌനം സംശയങ്ങള്‍ ഉയര്‍ത്തുന്നു. ബ്ലോഗനയില്‍ ഇത്തവണ നിരക്ഷരന്റെ പോസ്റ്റാണ്.
ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ശുഭപ്രതീക്ഷയിലാണെന്ന്ദേശാഭിമാനി വാരിക. മലപ്പുറം വീണ്ടും ചുവക്കുന്നു. ദേശീയമായി മൂന്നാം മുന്നണിയുടെ പ്രസക്തിവര്‍ധിക്കുന്നു. മലപ്പുറത്തിന്റെ രാഷ്ട്രീയം വിശകലനം ചെയ്യുന്നു അസീസ്‌ തുവൂര്‍.ഡോക്ടര്‍കെ.എന്‍.പണിക്കരുമായി പി.പി.ഷാനവാസ് ഇടതുപക്ഷത്തിന്റെ ദശകത്തെപറ്റി ,പ്രസക്തിയെ പറ്റി സംസാരിക്കുന്നു. ഈ അഭിമുഖത്തിന്റെ തുടര്‍ച്ച മാതൃഭൂമിയിലും ഉണ്ട്.

2009, ഏപ്രിൽ 1, ബുധനാഴ്‌ച

ഇസ്ലാം കലയോട് മുഖം തിരിക്കുന്നത് എന്തുകൊണ്ട്? അഥവാ കാദര്‍ കൊച്ചന്നൂരിന്റെ കലയും ജീവിതവും.


ഇസ്ലാം മതം ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥ ആണെന്ന് പറയുമ്പോഴും അത് കലയെ അതിന്റെശരീരത്തില്‍നിന്നു മാറ്റി നിറുത്തുന്നത് എന്തുകൊണ്ട്?സിനിമ ഹറാം ആകുന്നതു എന്തുകൊണ്ട്? മുസ്ലിംപൌരോഹിത്യം ആണ് ഇതിലെ പ്രതികള്‍. മമ്മൂട്ടിയും സിദ്ദിക്കും മാമുക്കോയയും പിന്നെ മറ്റുപലരുംസജീവമായി ഇടപെടുന്ന ഈ മാധ്യമത്തില്‍ പക്ഷെ, മറ്റു ചില ചെറിയ മുസ്ലിം കലാകാരന്മാര്‍ഇടപെടുമ്പോള്‍ സമുദായം അവരെ ഒറ്റപ്പെടുത്തുന്നു. പഴയകാലം എന്നും പുതിയത് എന്നും ഈഅവസ്ഥക്ക് വ്യത്യാസമൊന്നുമില്ല. ദരിദ്ര കലാകാരന്മാരെയാണ് സമുദായം വേട്ടയാടുന്നത്. പണംഅവിടെയും അളവുകോലാകുന്നു.പാഠം ഒന്ന്ഒരുവിലാപം, കഥാവശേഷന്‍ തുടങ്ങിയ ചലച്ചിത്രങ്ങളുടെസ്റ്റില്‍ ഫോട്ടോഗ്രാഫര്‍, സിനിമാ-നാടകനടന്‍ തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാദര്‍കൊച്ചന്നൂര്‍ തന്റെ കലയും ജീവിതവും വായനക്കാരുമായി പങ്കുവക്കുന്നു മാതൃഭൂമി വാരികയില്‍. ഒരുകലകാരനായതുകൊണ്ടുമാത്രം കുടുംബവും സമുദായവും ഒറ്റപ്പെടുത്തിയ ജീവിതത്തിന്റെ ശ്ലഥചിത്രം. ഒരുനല്ല ഡിജിറ്റല്‍ കാമറ വാങ്ങാന്‍ പണമില്ലാത്ത അവസ്ഥ. കാദര്‍ തുടരുന്നു."ഈ സമയത്തു ചിലലോണിനു വേണ്ടി ഞാന്‍ ശ്രമിച്ചു. ജമാ അത്തെ ഇസ്ലാമിയും കേരള നദ്വത്തുല്‍ മുജാഹിദീനും പലിശരഹിത വായ്പകള്‍ നല്‍കാറുണ്ട്. രണ്ടുകൂട്ടരെയും ഞാന്‍ സമീപിച്ചു. സിനിമ പിടിക്കാനുള്ള ക്യാമറക്ക്‌ലോണ്‍ തരില്ലെന്ന് അവര്‍ പറഞ്ഞു. അവരുടെ സമ്മേളനങ്ങള്‍ക്ക് ഞാന്‍ ഫോട്ടോ എടുത്തിട്ടുണ്ട്. മാധ്യമം ഫോട്ടോ അവാര്‍ഡും എനിക്ക് ലഭിച്ചിട്ടുണ്ട്. എന്റെ ഫോട്ടോ പറ്റുമെങ്കില്‍ പിന്നെ എന്തുകൊണ്ട്സഹായിച്ചുകൂടാ?" ഇത്തരം അനുഭവങ്ങള്‍ ഒരു കാദറിന്റെ മാത്രം അല്ലല്ലോ. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ മൂന്ന് വ്യത്യസ്ത കലാപ സന്ദര്‍ഭങ്ങള്‍ അടയാളപ്പെടുത്തിയ സിനിമകളാണ് ഫോട്ടോഗ്രാഫര്‍ , തലപ്പാവ് ,ഗുല്‍മോഹര്‍ എന്നിവ. ഈ സിനിമകളെ വായിക്കുന്നു കെ.പി.ജയകുമാര്‍. ആദ്യരണ്ടു ചിത്രങ്ങള്‍ ചരിത്രാഖ്യാനങ്ങള്‍ ആകുമ്പോള്‍ ഗുല്‍ മോഹര്‍ അങ്ങനെ ആകുന്നില്ല.
പുതിയ സമകാലിക മലയാളം വാരിക തെരഞ്ഞെടുപ്പ് പതിപ്പാണ്‌. ഓരോമണ്ഡലത്തിലെയും രാഷ്ട്രീയ അവസ്ഥ വിശകലനം ചെയ്ത്അവിടെ വിജയിക്കാന്‍ ഇടയുള്ളസ്ഥാനാര്‍ഥികളെ വാരിക അവതരിപ്പിക്കുന്നു. സുരേഷ് കുറുപ്പ് ,മുല്ലപ്പള്ളി, , പി.ടി.തോമസ്, മുഹമ്മദ്ബഷീര്‍, പി,കെ.ബിജു, രാമചന്ദ്രന്‍ നായര്‍,കെ.വി.തോമസ് എന്നിവര്‍ വിജയ ലിസ്റ്റില്‍ ഉണ്ട്. കാത്തിരുന്നു കാണാം.
വാല്മീകി മഹര്‍ഷിയെയും അബ്ദുല്‍നാസര്‍ മദനിയെയും അവരുടെപൂര്‍വാശ്രമത്തില്‍ താരതമ്യം ചെയ്യുന്നു കെ.രാമന്‍പിള്ള ദേശാഭിമാനി വാരികയില്‍. വാല്മീകി ,നിഷാദന്‍ആയിരുന്നല്ലോ. . എന്നുവെച്ച്‌ രാമായണം മോശമാണെന്ന് ആരെങ്കിലും പറയുമോ?മദനി പഴയതെറ്റുകള്‍ ഏറ്റു പറഞ്ഞു മതേതര നിലപാടുകള്‍ എടുക്കുന്നു. അപ്പോള്‍ മദനിയെ തള്ളിപറയാന്‍പാടുണ്ടോ? കൊള്ളാം. നല്ല താരതമ്യം. അതും ദേശാഭിമാനിയില്‍. എഴുതുന്നത് ആര്‍.എസ്. എസ് രക്തംസിരകളിലൂടെ ഇപ്പോഴും ഒഴുകുന്ന രാമന്‍ പിള്ളയും. ആനന്ദ ലബ്ധിക്കിനി എന്ത് വേണം.........!