2009, മേയ് 6, ബുധനാഴ്‌ച

എ.ഐ. സി.സി. നല്കിയത് ഒരുകോടി; ഉറങ്ങിപ്പോയത് കാല്‍ കോടി


കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒഴുകിയ പണം.അതിന്റെ അടിയൊഴുക്കുകള്‍. എല്ലാ സദാചാരനിയമങ്ങളെയും തെറ്റിച്ച പണം വോട്ടര്‍മാരെ സ്വാധീനിച്ച വിധം. ബീഹാറികളെപ്പോലുംനാണിപ്പിച്ചുകൊണ്ട് കേരളത്തില്‍ നിറഞ്ഞാടിയ പണവും മദ്യവും.ഇതാണ് മാധ്യമം വാരികയുടെ കവര്‍സ്റ്റോറി. പ്രചാരണ തൊഴിലാളികളും തേജോവധ തൊഴിലാളികളും ക്വട്ടേഷന്‍ സംഘങ്ങളും. ഓരോമണ്ഡലത്തിലേക്കും എ.ഐ.സി.സി. നല്കിയത് ഒരു കോടി രൂപ. വടകരയിലേക്ക് നല്കിയകോടിയുമായി വന്ന യുവനേതാവ് ഉറങ്ങിയപ്പോള്‍ അപ്രത്യക്ഷമായത് കാല്‍ കോടി രൂപ. ഈ പണംഎവിടെനിന്നു വന്നു...?സി.പി.എം പിരിപ്പിച്ച പണത്തിനു കണക്കുണ്ടായിരുന്നു. ഓരോ ബ്രാഞ്ചുംമൂവായിരം രൂപ മേല്‍ കമ്മറ്റിക്ക് നല്കണം.പിരിച്ച കാശിനു രസീറ്റുമുണ്ട്. നമ്മുറെ രാഷ്ട്രീയം പോകുന്നവഴികള്‍.കാശ് വാങ്ങി വോട്ടു ചെയ്യുന്ന പൌരന്മാര്‍. കൊള്ളാം.
ടാറ്റയുടെ പുതിയ നാനോ കാറിന്റെ ,ടാറ്റ ഒരുക്കിയ കെണികളെ വിശകലനം ചെയ്യുന്നു ടി.ജുവിന്‍.കാര്‍അപേക്ഷ വകയില്‍ ലക്ഷങ്ങള്‍. പണം മുടക്കിയവരുടെ പേരു നറുക്കെടുത്തു കാറ് നല്കും. നാനോമാനിയ ബാധിച്ച മധ്യ വര്‍ഗ സമൂഹം. ലോണ്‍ നല്കുന്ന ബാങ്കുകള്‍. മാരുതി ,ആള്‍ട്ടോ ഇവയുടെ സ്ഥാനംനാനോ തട്ടിയെടുക്കുമോ...?പ്രഖ്യാപിത വിലയില്‍ നിന്നു ഇപ്പോള്‍ വിലയില്‍ വന്ന മാറ്റം.ആരുംപ്രതികരിക്കുന്നില്ല.

ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ക്കാനുള്ള ഉന്നത വിദ്യാഭ്യാസ കൌണ്‍സിലിന്റെ ശ്രമങ്ങളെ ക്കുറിച്ചുള്ള അന്വേഷണങ്ങളാണ് പുതിയ സമകാലിക മലയാളം വാരിക നടത്തുന്നത്. സര്‍വകലാശാലകളുടെസ്വയം ഭരണാവകാശം എടുത്തുകളയുകയും ഭാഷാ പഠനത്തെ അപ്രായോഗികമാക്കുകയും ചെയ്‌താല്‍അതിന്റെ ഫലം ദൂരവ്യാപകമാകും. മാനിവികാവബോധത്തിന്റെ അഭാവം വരും തലമുറയെ ബാധിക്കും. നിലം ഒരുക്കാതെയുള്ള ഈ വിത്തുപാകല്‍ നമ്മുടെ വിദ്യാര്‍ഥി സമൂഹത്തെ ഉന്നത മത്സരപരീക്ഷകളില്‍ നിന്നു പുറംതള്ളും.
കെ.രാഘവന്‍ മാഷുടെ സംഗീതത്തെ കുറിച്ചു വി.ടി.മുരളി. നീലക്കുയിലിനു മുമ്പു, ശേഷം എന്നിങ്ങനെ മലയാള സിനിമാ സംഗീതത്തെ തരം തിരിക്കാം. കോഴിക്കോട്‌ ആകാശവാണിയിലെ ഒരു കൂട്ടായ്മയാണ് നീലക്കുയില്‍ സൃഷ്ടിച്ചത്. രാഘവന്‍ മാഷുടെസംഗീതത്തെയും വ്യക്തിത്വത്തെയും മുരളി വിലയിരുത്തുന്നു.

മാതൃഭൂമി വാരികയില്‍ ആകട്ടെ പ്രശസ്ത ഗായകന്‍ ജി.വേണുഗോപാലുമായുള്ള അഭിമുഖം വായിക്കാം. സംഗീതത്തെ പറ്റി,തന്റെ ബാല്യ കാല സംഗീതാനുഭവങ്ങളെ പറ്റി ,പ്രശസ്ത കവികളുടെ കവിതകള്‍തന്‍ ആലപിച്ചതിനെ കുറിച്ചു വേണുഗോപാല്‍ ഹൃദയം തുറക്കുന്നു. സംഗീതത്തിന്റെ ജീവശാസ്ത്രത്തെ കുറിച്ച് ജീവന്‍ ജോബ്‌ തോമസ്‌. ഓരോ സംഗീത വഴിയും അത് വികസിച്ചു വരുന്ന സംസ്കാരത്തിന്റെസ്വത്വം കൂടിയാണ്. സംഗീത സവിധായകന്‍ എ.ടി.ഉമ്മര്‍ അവളുടെ രാവുകള്‍ എന്ന സിനിമക്കുവേണ്ടിചിട്ടപ്പെടുത്തിയ "രാകേന്ദു കിരണങ്ങള്‍, ഉണ്ണി ആരാരിരോ "എന്നിവ എങ്ങനെ ഹിന്ദി അനുകരണങ്ങള്‍ ആയി എന്ന് അന്വേഷിക്കുന്നു രവി മേനോന്‍. ആ സാഹചര്യവും അദ്ദേഹം വിശദമാക്കുന്നു.

ശ്രീലങ്കന്‍ പ്രശ്നം, ത്മിഴ് വംശഹത്യ എന്നിവയുടെ രാഷ്ട്രീയം എന്തെന്ന് പറയുന്നു ശ്രീലങ്കന്‍ തമിഴ്എഴുത്തുകാരി ഫഹീമ ജഹാന്‍. കൃത്യവും സൂക്ഷ്മവുമായ നിരീക്ഷണങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈഅഭിമുഖം. രാജ പക്സേയുടെ കുടുബാധിപത്യമാണ് ശ്രീലങ്കയില്‍. അവിടെ നടക്കുന്നത് വംശഹത്യയാണ്. ഫഹീമ ജഹാന്‍ എഴുതിയ കവിതകളും മാതൃഭൂമി വാരികയില്‍ ഉണ്ട്. മലയാളത്തില്‍ ഈ പ്രശ്നം കൈകാര്യംചെയ്യുന്ന മനോഹരമായ ഒരു നോവല്‍ ഉണ്ടായിട്ടുണ്ട്. എസ്‌. മഹാദേവന്‍ തമ്പിയുടെ "അലകളില്ലാത്തകടല്‍."ഈ നോവലിനെ വായിക്കുന്നു അനില്‍ കുമാര്‍ .എ.വി. ദേശാഭിമാനി വാരികയില്‍. ഇതേപ്രശ്നത്തെ വിശകലനം ചെയ്യുന്ന ലേഖനങ്ങളും വാരികയില്‍ ഉണ്ട്. ശ്രീലങ്കന്‍ സര്‍ക്കാരിനെപ്പോലെപുലികളും അമേരിക്കയുമായുള്ള രഹസ്യ ധാരണകളിലാണ് പരിപാടികള്‍ തയ്യാറാക്കിയത്. അമേരിക്കയുടെ താല്പര്യങ്ങളാണ് ശ്രീലങ്കയില്‍ വംശീയ സമരം ത്വരിതപ്പെടുത്തിയതെന്നുകെ.ടി.കുഞ്ഞിക്കണ്ണന്‍. ഏതായാലും ഈ പ്രശ്നത്തില്‍ ഇന്ത്യ കുറ്റകരമായ മൌനം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

2009, ഏപ്രിൽ 29, ബുധനാഴ്‌ച

ശവമുറിയില്‍നിന്നുള്ള ആത്മഭാഷണങ്ങള്‍.


കോഴിക്കോട്‌ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് സര്‍ജന്‍ ആയ ഡോക്ടര്‍ .ഷേര്‍ലി വാസു എഴുതിയ പോസ്റ്റ് മോര്‍ട്ടം ടേബിള്‍ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പുസ്തകമാണ്. തന്റെ മോര്‍ച്ചറി അനുഭവങ്ങള്‍ ,അവയുടെ സൂക്ഷ്മാവസ്ഥയില്‍ അവര്‍ വായനക്കാരുമായി പങ്കു വച്ചു. കീറിമുറിക്കപ്പെട്ട പലതരം ജഡങ്ങള്‍ ഡോക്ടറുമായി സംവദിച്ചു. ഹൃദയത്തിന്റെ ഭാഷയില്‍. ഇതിന് അനുബന്ധമായി വായിക്കാവുന്ന രചനയാണ് പുതിയ മാധ്യമം വാരികയില്‍ അവര്‍ എഴുതിയ ലേഖനം. കാമം പലപ്പോഴും ഭ്രാന്താകുന്നുവെന്നും ഭ്രാന്ത് പിഞ്ചു കുഞ്ഞുങ്ങളെയും വെറുതെ വിടുന്നില്ലെന്നും നമുക്കറിയാം. . കേവലം ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞു ക്രുരമായി ബലാല്‍സംഗം ചെയ്യപ്പെട്ടു. മരണമടഞ്ഞ കുഞ്ഞിന്റെ ജഡം പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടറിന്റെ വിചാരങ്ങളാണ് ഇത്. ഇളം ദേഹത്തിലുടെപാളുന്ന കത്തി മലയാളിയോട് ഒരുപാടു കാര്യങ്ങള്‍ പറയാതെ പറയുന്നുണ്ട്. ഇത്തരം അവസരങ്ങളില്‍ താന്‍ തന്റെ ഹൃദയത്തിലുടെ കത്തി പാളിക്കുകയാണ് എന്ന് ഡോക്ടര്‍.
ശ്രീലങ്കയിലെ വംശീയ പ്രശ്നം വിശകലനം ചെയ്യുകയാണ് ജെ.ആര്‍ .എഴുത്തച്ചന്‍ .പുലികള്‍ക്കും സര്‍ക്കാരിനും ഇടയിലുടെയുള്ള തമിഴ് ജീവിത ദുരിതങ്ങള്‍ .ഇന്ത്യയുടെ മാരകമായ നിശബ്ദത . ഇതേ പ്രശ്നം തന്നെയാണ് സമകാലിക മലയാളം വാരികയുടെ കവര്‍ സ്റ്റോറി. ഡോക്ടര്‍ .എം.കെ.സീതി ,ശ്രീലങ്കന്‍ പ്രശ്നത്തിന്റെ ചരിത്രവും വര്‍ത്തമാനവും വായിക്കുന്നു. പുലികള്‍ക്കുമേല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നേടുന്ന വിജയവും ഭാവിയില്‍ പരാജയമാകും. കാരണം തമിഴ് ന്യൂനപക്ഷത്തിന്റെ വംശഹത്യയാണ് ഇപ്പോള്‍ അവിടെ നടക്കുന്നത്.

രാഘവന്‍ തിരുമുല്‍പ്പാടിന്റെ ജീവിതം വായിക്കുകയാണ് സി.ആര്‍.പരമേശ്വരന്‍ മാതൃഭൂമി വാരികയില്‍. തന്റെ അറിവ് ഒരിക്കലും മറ്റുള്ളവരെ കീഴടക്കാനായി തിരുമുല്‍പ്പാട് ഉപയോഗിച്ചിട്ടില്ല. അത് മറ്റുള്ളവരുടെ നന്മക്കായി ചിലവഴിച്ചു. ജീവിതം തന്നെ ഒരുപാട്‌ പഠിപ്പിച്ചിട്ടുണ്ടെന്നും തിരിച്ചറിവ് നല്‍കിയിട്ടുണ്ടെന്നും പരമേശ്വരന്‍. ടി.വി.ചന്ദ്രന്റെ സ്ത്രീ കഥാപാത്രങ്ങളെ-ഹേമാവിന്‍ കാതലര്‍കള്‍ തൊട്ട് ഭൂമിമലയാളം വരെയുള്ള സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളെ വിലയിരുത്തുന്നു കെ.ഗോപിനാഥന്‍. അടഞ്ഞ ഇടങ്ങളില്‍ (വീട്)നിന്നു പുറത്തു കടക്കുന്നവരാണ് സ്ത്രീകള്‍ എല്ലാം. അതുകൊണ്ട് തന്നെ സൂസന്ന പോലുള്ള കഥാപാത്രങ്ങള്‍ പലപ്പോഴും അവമതിക്കപ്പെടുന്നു.സൂക്ഷ്മമായ വിലയിരുത്തലുകള്‍ കൊണ്ടു സമൃദ്ധമാണ് ലേഖനം.
ബ്ലോഗനയില്‍ വിശാലമനസ്ക്കന്റെ പോസ്റ്റ് ആണ്.

മുസ്ലിമിന്റെ സ്വത്വ പ്രതിസന്ധി ചര്‍ച്ചചെയ്യുന്നു പുതിയ ദേശാഭിമാനി വാരിക. മുസ്ലിം ലീഗിന്റെ പരാജയങ്ങളെ മുസ്ലിം സ്വത്വ പ്രതിസന്ധിയായി ചര്‍ച്ച ചെയ്യുന്നത് അവരെ സഹായിക്കാന്‍ മാത്രമാണ്. മലബാര്‍ കലാപം, പാക്കിസ്ഥാന്‍ വാദം, ബാബറി മസ്‌ജിദ് തകര്‍ച്ച തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ മുസ്ലിം സ്വത്വ പ്രതിസന്ധി അനുഭവിച്ചു. ബഹു സ്വരമായ ഒരു ജീവിത വ്യവസ്ഥയില്‍ നിന്നു എകസ്വരമായ അവസ്ഥയിലേക്ക് മുസ്ലിമിനെ മാറ്റാന്‍ ബോധ പൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. ഇത് അവരെ പ്രതിസന്ധിയിലേക്ക് നയിക്കാന്‍ ഉതകും.
കഴിഞ്ഞ
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തു വിവിധ ടി.വി.ചാനലുകളില്‍ സ്ഥാനാര്‍ഥികളുമായുള്ള തത്സമയ സംവാദങ്ങള്‍ ഉണ്ടായിരുന്നു. കൈരളിയില്‍ സംപ്രേഷണം ചെയ്യപ്പെട്ട പടക്കളം പരിപാടിയുടെ ഓര്‍മ്മകള്‍ പങ്കു വക്കുന്നു അതിന്റെ അവതാരകനായ ആര്‍.സുഭാഷ്‌. പൊന്നാനിയില്‍ വച്ചു ഒരു പയ്യന്‍ യു.ഡി.എഫ്‌. സ്ഥാനാര്‍ഥിയെ പ്രകോപിപ്പിച്ച അനുഭവം. മറ്റു അനുഭവങ്ങള്‍. തികച്ചും സത്യസന്ധമായ അനുഭവ സാക്ഷ്യങ്ങള്‍. കൂടെ ഇത്തരം പരിപാടിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും. നല്ല വിവരണം. നല്ല ലേഖനം.

2009, ഏപ്രിൽ 22, ബുധനാഴ്‌ച

ഓര്‍മ്മയുണ്ടോ ഈ മുഖം ....?(നളിനി ജമീലയുടെ)


ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ വര്‍ഷങ്ങള്‍ക്കുമുന്‍പ് വില്‍പ്പനയില്‍ ചരിത്രം സൃഷ്ടിച്ചപ്പോള്‍ തന്നെ അനേകം വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഒരു വേശ്യ ആത്മകഥ എഴുതുക എന്ന് പറഞ്ഞാല്‍ എന്തോ വലിയ പാതകമാണെന്ന് തോന്നിക്കും വിധം. മലയാള സാഹിത്യത്തില്‍ നിലനില്ക്കുന്ന തൊട്ടുകൂടായ്മ പ്രകടമായി കാണിക്കുന്നു സംഭവം. വേശ്യയുടെ പേര് നളിനി ജമീല എന്നും ഇരുപതിനായിരത്തോളം കോപ്പികള്‍ വിറ്റഴിഞ്ഞ ആത്മകഥയുടെ പേര് ഞാന്‍ ലൈംഗികതൊഴിലാളി എന്നും ആയിരുന്നു. നല്ലൊരു ഡോക്യുമെന്ററി സംവിധായികകൂടിയായ നളിനി ജമീലയുടെ പുതിയ പുസ്തകം പെന്‍ഗ്വിന്‍ ബുക്സ് പ്രസിദ്ധീകരിക്കുന്നു. അവസരത്തില്‍ അവര്‍ ബൈജു നടരാജനുമായി സംസാരിക്കുന്നു മാതൃഭൂമി വാരികയില്‍. തന്നെ എഴുത്തുകാരിയായി അംഗീകരിക്കാന്‍ മലയാളത്തിലെ എഴുത്തുകാര്‍ക്ക് ഇപ്പോഴും മടിയാണെന്നും അതുകൊണ്ടാണ് ഇംഗ്ലീഷില്‍ എഴുതുന്നതെന്നും അവര്‍ പറയുന്നു. കേരളീയ പെണ്ണവസ്ഥയെയും അവര്‍ വിമര്‍ശിക്കുന്നു അഭിമുഖത്തില്‍. തലപ്പാവ്,ഗുല്‍മോഹര്‍,ഫോട്ടോഗ്രാഫര്‍ എന്നീ സിനിമകളെ താരതമ്യം ചെയ്തപ്പോള്‍ കെ.പി.ജയകുമാര്‍, ഗുല്‍മോഹര്‍ എന്ന സിനിമയോട് നീതിപുലര്‍ത്തിയില്ല എന്ന് ദീദി. ജനകീയ സമരങ്ങളുടെ പ്രതിരോധ സന്ദര്‍ഭങ്ങളെ ഗുല്‍മോഹര്‍ ഒരിക്കലും ഒറ്റുകൊടുത്തിട്ടില്ല.അങ്ങനെ ജയകുമാറിന് തോന്നുന്നത് താന്‍ വച്ച കണ്ണടയുടെ കുഴപ്പം കൊണ്ടാണ്. ബ്ലോഗനയില്‍ ഇത്തവണ പി.ടി.മുഹമ്മദ് സാദിക്കിന്റെ പോസ്റ്റ് ആണ്. രാമനാട്ടുകരയിലുള്ള രോഗിയായ,പുസ്തകങ്ങളെ സ്നേഹിക്കുന്ന മുസ്ടഫയെ സന്ദര്‍ശിച്ച അനുഭവം. ബ്ലോഗ് കൂട്ടായ്മയുടെ സ്നേഹസമ്മാനങ്ങള്‍. ഇതില്‍ രാഷ്ട്രീയമോ മറ്റു ഭിന്നതകളോ ഇല്ല എന്നതാണ് പ്രധാനം.

ഇസ്രായേലുമായുള്ള ആയുധ ഇടപാട് കരാറിലെ അഴിമതി ചൂണ്ടി കാണിക്കുമ്പോള്‍ .കെ.ആന്റണി എന്തുകൊണ്ടാണ് ഞ്ഞ ഞ്ഞ പിഞ്ഞ പറയുന്നതെന്ന് നൈനാന്‍ കോശി മാധ്യമം വാരികയില്‍. കൈമറിഞ്ഞ കോടികള്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഫണ്ടില്‍ എത്തുന്നു എന്നത് മാത്രമല്ലാ, ഇന്ത്യയുടെ വിദേശ നയത്തെതന്നെ ഇതു ബാധിക്കുമെന്ന് ലേഖകന്‍. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം തന്നെ ഇസ്രായേല്‍ പുറത്തുവിട്ടതാണ്. പ്രധിരോധവകുപ്പ് ഇതു രഹസ്യമാക്കി വച്ചത് എന്തുകൊണ്ട് എന്നതാണ് ചോദ്യം. തെരഞ്ഞെടുപ്പ് ആയതുകൊണ്ട് എന്ന് ഉത്തരം. പാകിസ്ഥാനില്‍ താലിബാന്‍ പിടിമുറുക്കുമ്പോള്‍ ഉള്ള അവസ്ഥകളെ വിശകലനം ചെയ്യുന്നു പി.വിശ്വനാഥന്‍ തമ്പി സമകാലികമലയാളം വാരികയില്‍. മൂന്ന് മാസത്തിന്നുള്ളില്‍ രാജ്യം സൈന്യത്തിന്നു മുമ്പിലോ മതചാട്ടവാറിനു മുമ്പിലോ കീഴടങ്ങുമെന്ന് കണക്കാക്കപ്പെടുന്നു. പാക് ചാരസംഘടനയായ .എസ് ആണ് താലിബാനെ പിന്തുണക്കുന്നത്. താലിബാന്‍ പാക്കിസ്ഥാനെ താമസിയാതെ വിഴുങ്ങും. പ്രതിസന്ധിക്കിടയിലും അമേരിക്കയുമായി അകലുന്ന പാകിസ്താന്‍ ചൈനയുമായി അടുക്കുകതന്നെയാണ്. തസ്ലീമ നസ്രിന്റെ പുതിയ നോവല്‍ "വീണ്ടും ലജ്ജിക്കുന്നു" എന്നതിലെ ഒരു ഭാഗവും വാരിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.


2009, ഏപ്രിൽ 17, വെള്ളിയാഴ്‌ച

വോട്ടിന്റെ രാഷ്ട്രീയം


പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായി. ഇനിവിശ്രമത്തിന്റെ നാളുകള്‍.പിന്നെ,വിധി പ്രഖ്യാപനം. അതുകൊണ്ടുതന്നെ ഈ ആഴ്ച പുറത്തിറങ്ങിയവാരികകള്‍ തെരഞ്ഞെടുപ്പിനെ അവലോകനം ചെയ്യുകയും അതിന്റെ രാഷ്ട്രീയം സമഗ്രമായിത്തന്നെവിലയിരുത്തുകയും ചെയ്യുന്നു. ഇടതുപക്ഷത്തിനെ,പ്രത്യേകിച്ചും സി.പി.എമ്മിനെ നിശിതമായിവിമര്‍ശിക്കുന്നു സമകാലിക മലയാളം. മനുഷ്യന്റെ നിലവിളികള്‍ കേള്‍ക്കാത്ത പക്ഷമായി ഇടത് എന്ന്കെ.ഹരിദാസ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വേറിട്ട ഒരു സ്ഥാനം ഇടതിനുണ്ട്. അത് ജനപക്ഷത്തുനില്‍ക്കുകയും ഇടപെടുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ആണ്. അതില്‍നിന്നുള്ള വ്യതിചലനംമുന്നണിയെ ദുര്‍ബലപ്പെടുത്തും.വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പരിസരങ്ങളില്ലൂടെകടന്നുപോകുന്നു സമകാലിക മലയാളം ലേഖകര്‍. മുസ്ലിയാക്കന്മാരുടെ കൂടെ പോകുകയാണ്സി.പി.എം. ഇപ്പോള്‍ എന്ന് ഹമീദ് ചേന്നമംഗലൂര്‍ .വ്യവസ്ഥാപിത ,പുരോഗമന നിലപാടുകളില്‍ നിന്നുവ്യതിചലിക്കുന്ന പാര്‍ട്ടിയായി സി.പി.എം. മതപ്രീണനം താല്‍ക്കാലിക ലാഭത്തിനായി മറ്റുള്ളവരെപ്പോലെ അവരും ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ തന്റെ വോട്ട് നിഷേധ വോട്ടാണെന്നുഹമീദ് ചേന്നമംഗലൂര്‍ മാതൃഭൂമി വാരികയില്‍. മാതൃഭൂമിയുടെ കവര്‍സ്റ്റോറിതന്നെ എന്റെ വോട്ട്,എന്റെ രാഷ്ട്രീയം എന്നതാണ്. പ്രമുഖര്‍ തങ്ങളുടെ രാഷ്ട്രീയം വ്യക്തമാക്കുന്നു. കെ.വേണു, ഓ .അബ്ദുറഹിമാന്‍,വി.കെ.ശ്രീരാമന്‍, സേതു, ജ്യോതി നാരായണന്‍, കെ.കെ.കൊച്ചുതുടങ്ങി ഒരു നീണ്ട നിരതന്നെയുണ്ട്. എന്‍.ഡി.എഫിനെക്കുറിച്ചുള്ള തന്റെ അഭിപ്രായംപഴയതുതന്നെയെന്നു യുത്ത് ലീഗ് പ്രസിഡന്റ് കെ.എം.ഷാജി.ജനാധിപത്യം ,മതേതരത്വം എന്നിവയ്ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത എന്‍.ഡി.എഫിന്റെ പ്രത്യയ ശാസ്ത്ര പെടോള്‍ ടാങ്ക് ജമാഅത്തെഇസ്ലാമിയാണ്. അതിനെ എന്തുകൊണ്ട് സി.പി.എം. തള്ളിപ്പറയുന്നില്ല എന്ന് അദ്ദേഹം ചോദിക്കുന്നു.
ചോദ്യം പ്രസക്തം തന്നെ. പക്ഷെ, എന്‍.ഡി.എഫിന്റെ വോട്ടുകള്‍ സ്വീകരിച്ചുകൊണ്ടല്ല ഈ വാദം ഉയര്‍ത്തേണ്ടത്.

ഭാഷാപോഷിണിയുടെ ഈ ലക്കത്തിന്റെ ആകര്‍ഷണീയത കന്നഡ സിനിമയിലെ സമാന്തരപ്രവാഹത്തിന്റെ ശക്തനായ വക്താവ് ഗിരിഷ് കാസറവള്ളിയുമായുള്ള അഭിമുഖമാണ്. സിനിമയോടുള്ള തന്റെ സമീപനം അദ്ദേഹം തുറന്നു പറയുന്നു ഈ ദീര്‍ഘ അഭിമുഖത്തില്‍. എം.ടി.വാസുദേവന്‍ നായര്‍പക്ഷെ,ഓര്‍മിക്കുന്നത്‌ താന്‍ തിരക്കഥ എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത നഖക്ഷതങ്ങളിലുടെ മുഖ്യ ധാരയിലെത്തിയ മോനിഷ എന്ന നടിയുടെ സിനിമപ്രവേശവും അകാലത്തിലുള്ള അവരുടെവേര്‍പ്പാടുമാണ്. മനോഹരമായ ആഖ്യാനം .ജോണ്‍ എബ്രഹാമിന്റെ അഗ്രഹാരത്തിലെ കഴുതൈ എന്നസിനിമയുടെ കഥാസാരവും ഈ ലക്കത്തില്‍ ഉണ്ട്.

2009, ഏപ്രിൽ 9, വ്യാഴാഴ്‌ച

വലതിന് പതിനേഴ്‌ ; ഇടതിന് മൂന്ന്.


പ്രവചനങ്ങളെ, പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് പ്രവചനങ്ങളെ അവിശ്വസിക്കാം. പക്ഷെ, അതിന്റെസാധ്യതകളെ തള്ളിക്കളയരുത്. ജനങ്ങള്‍ക്കിടയിലൂടെ ,അവരുടെ അഭിപ്രായങ്ങളിലൂടെ യാത്രപോകുന്ന ഒരു മാധ്യമ പ്രവര്‍ത്തക തീര്‍ച്ചയായും ചില നിഗമനങ്ങളില്‍ എത്തിച്ചേരും. പ്രവചനസ്വഭാവമുള്ള നിഗമനങ്ങള്‍.പ്രത്യേകിച്ച് കേരള -ദേശീയ രാഷ്ട്രീയം തീരെ ചര്‍ച്ച ചെയ്യപ്പെടാത്ത ഈതെരഞ്ഞെടുപ്പില്‍. ഈ സംഗതികള്‍ തന്നെയാണ് ഈ ആഴ്ച പുറത്തിറങ്ങിയ സമകാലിക മലയാളംവാരികയും മാതൃഭൂമി വാരികയും മുന്നോട്ടു വയ്ക്കുന്നത്. ഇടതുപക്ഷത്തിന്റെ പരാജയം ഉറപ്പിക്കുന്നുസമകാലികമലയാളം. കാസര്‍കോട്, ആറ്റിങ്ങല്‍ ,ആലത്തൂര്‍ എന്നി ഉറച്ച സീറ്റുകള്‍ എല്‍.ഡി.എഫിന്. ഒന്നുകൂടിനേടിയേക്കാം ഒരു പക്ഷെ. വയനാട് മുരളിക്ക്. തിരുവനതപുരത്ത് നാടാര്‍, ദളിത് വോട്ടുകള്‍ പിടിച്ചാല്‍വിജയം ഇടതിന്. മലപ്പുറം വലതിന്റെ കൂടെ. പതിനേഴ്‌ സീറ്റുകള്‍ വലതിന് ഉറപ്പിക്കുന്നു ജി.നിര്‍മല. അട്ടിമറികള്‍ സംഭവിച്ചില്ലെങ്കില്‍ എന്ന മുന്‍‌കൂര്‍ ജാമ്യത്തോടെ.
ഗഹനമായ തെരഞ്ഞെടുപ്പ് വിശകലനം നടത്തുന്നു പി .കെപ്രകാശ് മാതൃഭൂമിയില്‍ . ജാതി മത രാഷ്ട്രീയം ഇടതുപക്ഷത്തിനെപോലും ഗ്രസിക്കുമ്പോള്‍ (ഈ കാര്യത്തില്‍വലതിന്റെ കാര്യം പറയാനേയില്ല) ഇ.എം.എസിനെന്തു പ്രസക്തി എന്ന ചോദ്യം. ഇടതുമുന്നണിഎന്നത് താല്‍കാലിക രാഷ്ട്രീയ നേട്ടത്തിനുള്ള സംവിധാനമല്ല. മറിച്ച് ജനകീയ പ്രശ്നങ്ങള്‍ഏറ്റെടുക്കാനുള്ള സമരമുന്നണിയാണ്. (ഇ.എം.എസ്).പക്ഷെ, ഇപ്പോഴത്തെ ഇടതുമുന്നണി ,അതിന്റെഅവസ്ഥ.പി.ഡി.പി.യുടെ പിന്തുണ.എല്ലാം കൂടിചേരുമ്പോള്‍ കേരളം ഇരുട്ടിലേക്ക്. പിണറായിവിജയന് , ഇ.എം.എസ്. ആകാനാകുമോ അല്ലെ?ഇടതു ബദലിന് വി.എസിനെ വിശ്വസിക്കാന്‍ആവില്ലെന്ന് പി.സുരേന്ദ്രന്‍. പക്ഷെ,ഈ ആശയം രൂപപ്പെടാന്‍ വി.എസിന്റെ ഇടപെടലുകള്‍കാരണമായിട്ടുണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍. മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെമൌനം സംശയങ്ങള്‍ ഉയര്‍ത്തുന്നു. ബ്ലോഗനയില്‍ ഇത്തവണ നിരക്ഷരന്റെ പോസ്റ്റാണ്.
ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ശുഭപ്രതീക്ഷയിലാണെന്ന്ദേശാഭിമാനി വാരിക. മലപ്പുറം വീണ്ടും ചുവക്കുന്നു. ദേശീയമായി മൂന്നാം മുന്നണിയുടെ പ്രസക്തിവര്‍ധിക്കുന്നു. മലപ്പുറത്തിന്റെ രാഷ്ട്രീയം വിശകലനം ചെയ്യുന്നു അസീസ്‌ തുവൂര്‍.ഡോക്ടര്‍കെ.എന്‍.പണിക്കരുമായി പി.പി.ഷാനവാസ് ഇടതുപക്ഷത്തിന്റെ ദശകത്തെപറ്റി ,പ്രസക്തിയെ പറ്റി സംസാരിക്കുന്നു. ഈ അഭിമുഖത്തിന്റെ തുടര്‍ച്ച മാതൃഭൂമിയിലും ഉണ്ട്.

2009, ഏപ്രിൽ 1, ബുധനാഴ്‌ച

ഇസ്ലാം കലയോട് മുഖം തിരിക്കുന്നത് എന്തുകൊണ്ട്? അഥവാ കാദര്‍ കൊച്ചന്നൂരിന്റെ കലയും ജീവിതവും.


ഇസ്ലാം മതം ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥ ആണെന്ന് പറയുമ്പോഴും അത് കലയെ അതിന്റെശരീരത്തില്‍നിന്നു മാറ്റി നിറുത്തുന്നത് എന്തുകൊണ്ട്?സിനിമ ഹറാം ആകുന്നതു എന്തുകൊണ്ട്? മുസ്ലിംപൌരോഹിത്യം ആണ് ഇതിലെ പ്രതികള്‍. മമ്മൂട്ടിയും സിദ്ദിക്കും മാമുക്കോയയും പിന്നെ മറ്റുപലരുംസജീവമായി ഇടപെടുന്ന ഈ മാധ്യമത്തില്‍ പക്ഷെ, മറ്റു ചില ചെറിയ മുസ്ലിം കലാകാരന്മാര്‍ഇടപെടുമ്പോള്‍ സമുദായം അവരെ ഒറ്റപ്പെടുത്തുന്നു. പഴയകാലം എന്നും പുതിയത് എന്നും ഈഅവസ്ഥക്ക് വ്യത്യാസമൊന്നുമില്ല. ദരിദ്ര കലാകാരന്മാരെയാണ് സമുദായം വേട്ടയാടുന്നത്. പണംഅവിടെയും അളവുകോലാകുന്നു.പാഠം ഒന്ന്ഒരുവിലാപം, കഥാവശേഷന്‍ തുടങ്ങിയ ചലച്ചിത്രങ്ങളുടെസ്റ്റില്‍ ഫോട്ടോഗ്രാഫര്‍, സിനിമാ-നാടകനടന്‍ തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാദര്‍കൊച്ചന്നൂര്‍ തന്റെ കലയും ജീവിതവും വായനക്കാരുമായി പങ്കുവക്കുന്നു മാതൃഭൂമി വാരികയില്‍. ഒരുകലകാരനായതുകൊണ്ടുമാത്രം കുടുംബവും സമുദായവും ഒറ്റപ്പെടുത്തിയ ജീവിതത്തിന്റെ ശ്ലഥചിത്രം. ഒരുനല്ല ഡിജിറ്റല്‍ കാമറ വാങ്ങാന്‍ പണമില്ലാത്ത അവസ്ഥ. കാദര്‍ തുടരുന്നു."ഈ സമയത്തു ചിലലോണിനു വേണ്ടി ഞാന്‍ ശ്രമിച്ചു. ജമാ അത്തെ ഇസ്ലാമിയും കേരള നദ്വത്തുല്‍ മുജാഹിദീനും പലിശരഹിത വായ്പകള്‍ നല്‍കാറുണ്ട്. രണ്ടുകൂട്ടരെയും ഞാന്‍ സമീപിച്ചു. സിനിമ പിടിക്കാനുള്ള ക്യാമറക്ക്‌ലോണ്‍ തരില്ലെന്ന് അവര്‍ പറഞ്ഞു. അവരുടെ സമ്മേളനങ്ങള്‍ക്ക് ഞാന്‍ ഫോട്ടോ എടുത്തിട്ടുണ്ട്. മാധ്യമം ഫോട്ടോ അവാര്‍ഡും എനിക്ക് ലഭിച്ചിട്ടുണ്ട്. എന്റെ ഫോട്ടോ പറ്റുമെങ്കില്‍ പിന്നെ എന്തുകൊണ്ട്സഹായിച്ചുകൂടാ?" ഇത്തരം അനുഭവങ്ങള്‍ ഒരു കാദറിന്റെ മാത്രം അല്ലല്ലോ. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ മൂന്ന് വ്യത്യസ്ത കലാപ സന്ദര്‍ഭങ്ങള്‍ അടയാളപ്പെടുത്തിയ സിനിമകളാണ് ഫോട്ടോഗ്രാഫര്‍ , തലപ്പാവ് ,ഗുല്‍മോഹര്‍ എന്നിവ. ഈ സിനിമകളെ വായിക്കുന്നു കെ.പി.ജയകുമാര്‍. ആദ്യരണ്ടു ചിത്രങ്ങള്‍ ചരിത്രാഖ്യാനങ്ങള്‍ ആകുമ്പോള്‍ ഗുല്‍ മോഹര്‍ അങ്ങനെ ആകുന്നില്ല.
പുതിയ സമകാലിക മലയാളം വാരിക തെരഞ്ഞെടുപ്പ് പതിപ്പാണ്‌. ഓരോമണ്ഡലത്തിലെയും രാഷ്ട്രീയ അവസ്ഥ വിശകലനം ചെയ്ത്അവിടെ വിജയിക്കാന്‍ ഇടയുള്ളസ്ഥാനാര്‍ഥികളെ വാരിക അവതരിപ്പിക്കുന്നു. സുരേഷ് കുറുപ്പ് ,മുല്ലപ്പള്ളി, , പി.ടി.തോമസ്, മുഹമ്മദ്ബഷീര്‍, പി,കെ.ബിജു, രാമചന്ദ്രന്‍ നായര്‍,കെ.വി.തോമസ് എന്നിവര്‍ വിജയ ലിസ്റ്റില്‍ ഉണ്ട്. കാത്തിരുന്നു കാണാം.
വാല്മീകി മഹര്‍ഷിയെയും അബ്ദുല്‍നാസര്‍ മദനിയെയും അവരുടെപൂര്‍വാശ്രമത്തില്‍ താരതമ്യം ചെയ്യുന്നു കെ.രാമന്‍പിള്ള ദേശാഭിമാനി വാരികയില്‍. വാല്മീകി ,നിഷാദന്‍ആയിരുന്നല്ലോ. . എന്നുവെച്ച്‌ രാമായണം മോശമാണെന്ന് ആരെങ്കിലും പറയുമോ?മദനി പഴയതെറ്റുകള്‍ ഏറ്റു പറഞ്ഞു മതേതര നിലപാടുകള്‍ എടുക്കുന്നു. അപ്പോള്‍ മദനിയെ തള്ളിപറയാന്‍പാടുണ്ടോ? കൊള്ളാം. നല്ല താരതമ്യം. അതും ദേശാഭിമാനിയില്‍. എഴുതുന്നത് ആര്‍.എസ്. എസ് രക്തംസിരകളിലൂടെ ഇപ്പോഴും ഒഴുകുന്ന രാമന്‍ പിള്ളയും. ആനന്ദ ലബ്ധിക്കിനി എന്ത് വേണം.........!

2009, മാർച്ച് 25, ബുധനാഴ്‌ച

അട്ടിമറിയുടെ സൌന്ദര്യശാസ്ത്രം അഥവാ മൂന്നാര്‍ ദൌത്യത്തിന്റെ പരിസമാപ്തി.


മൂന്നാര്‍ ദൌത്യം അട്ടിമറിച്ചത് ആരാണ്?സുരേഷ് കുമാര്‍ ഐ. എ .എസിന് ഈ അട്ടിമറിയില്‍പങ്കുണ്ടോ?എന്തുകൊണ്ടാണ് പ്രസ്തുത ദൌത്യം സുരേഷ് കുമാറില്‍ നിന്ന് മുഖ്യമന്ത്രിഎടുത്തുമാറ്റിയത്?മലയാളികള്‍ പരസ്പരം ചോദിക്കുകയും ഉത്തരം കിട്ടാതിരിക്കയും ചെയ്ത ഈചോദ്യത്തിന്റെ ഉത്തരം നമുക്കു തരുന്നു പി.കെ.പ്രകാശ് മാതൃഭൂമി വാരികയില്‍. സുരേഷ് കുമാറും പി.കെ.പ്രകാശും തമ്മില്‍ തുടങ്ങിയ ഒരു വാദ പ്രതിവാദത്തില്‍ രണ്ടുപേരും പരസ്പരം ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ലക്കത്തില്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധംപി.കെ.പ്രകാശ് പറയുന്നു ദൌത്യം അട്ടിമറിച്ചത് സുരേഷ് കുമാര്‍ ആണെന്ന്. പെട്ടെന്ന് വിശ്വസിക്കാന്‍കഴിയാത്ത ഈ ആരോപണം തെളിയിക്കാന്‍ അദ്ദേഹം കൃത്യവും സൂക്ഷ്മവുമായ തെളിവുകള്‍ഹാജരാക്കുന്നു. ടാറ്റ അടക്കമുള്ള വന്‍കിടക്കാരെ സംരക്ഷിക്കാനായിരുന്നു സുരേഷ് കുമാറിന് താത്പര്യംഎന്നും ഇതിനായി അദ്ദേഹം ടാറ്റയില്‍ നിന്ന് പണം വാങ്ങിയെന്നും പ്രകാശ്.ചെറുകിടക്കാരെഇളക്കിയാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. അവര്‍ പ്രധിരോധിക്കും. പാര്‍ട്ടി ഓഫീസുകള്‍ തൊട്ടാല്‍ അവരും. ഈ കലക്ക വെള്ളത്തില്‍ വന്‍കിടക്കാര്‍ രക്ഷപ്പെടും. ഇതുതന്നെയാണല്ലോ മൂന്നാറില്‍ സംഭവിച്ചതും. കൂടുതലായി ഇനി സുരേഷ് കുമാര്‍ പറയട്ടെ.കാരണം അദ്ദേഹത്തിന്റെ മലക്കം മറിച്ചിലുകളെ പ്രകാശ് കോറിയിടുമ്പോള്‍ അതിന് മറുപടി പറയേണ്ടത് സുരേഷ് കുമാര്‍ തന്നെ. നമുക്കു കാത്തിരിക്കാം. അടുത്തലക്കത്തിനായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കിയവരുടെ ശേഷ ജീവിതം എങ്ങനെ എന്ന്അന്വേഷിക്കുകയാണ് കെ.സി. സുബി. പലരെയും മരിച്ചശേഷം പോലും പാര്‍ട്ടി തിരിഞ്ഞുനോക്കിയില്ല എന്ന വിലാപവും. നുണകളുടെ അസ്തിവാരത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലനില്‍ക്കുന്നതെന്ന് എന്‍.എം.പിയേഴ്സണ്‍.എന്താണ് പാര്‍ട്ടി?ഈ ചോദ്യത്തിനുത്തരം ഇപ്പോള്‍പിണറായിയാണ് പാര്‍ട്ടി എന്നാണ്.ജന്മി ഉത്തരവിടുമ്പോള്‍ കുടിയാന്‍ അനുസരിക്കുന്നു. കാര്യങ്ങള്‍ശ്രദ്ധാപൂര്‍വ്വം വിലയിരുത്തുമ്പോള്‍ ഇതിനോട് യോജിക്കാതെ വയ്യ. പുതിയ ഐ.ടി.നിയമത്തിന്റെമൂന്നാം ഭാഗത്തില്‍ അന്‍വര്‍ സാദത്ത്‌ വിശദീകരിക്കുന്നത് അശ്ലീല ചിത്ര പ്രസിദ്ധീകരണ പ്രസാരണവുംഅതിന് ലഭിക്കാവുന്ന ശിക്ഷയുമാണ്. നെറ്റ് ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും ഇതു വായിക്കേണ്ടത് തന്നെ. ബ്ലോഗനയില്‍ കുഴൂര്‍ വിത്സന്റെ പോസ്റ്റ് ആണ്.
കോഴിക്കോട് പാര്‍ലിമെന്റ് സീറ്റ് പ്രശ്നത്തില്‍സി.പി.എമ്മുമായി തെറ്റിയ ജനതാദള്‍ നേതാവ് വിരേന്ദ്ര കുമാര്‍ ഐ.വി.ബാബുവുമായി സംസാരിക്കുന്നുസമകാലിക മലയാളം വാരികയില്‍. മാതൃഭൂമിയും ദേശാഭിമാനിയും തമ്മിലുള്ള പ്രശ്നം ഒരിക്കലും ഈസംഭവത്തില്‍ പ്രതിഫലിക്കാന്‍ പാടില്ല. വര്‍ഷങ്ങളോളം എല്‍.ഡി.എഫിന്റെ ഭാഗമായി നിന്ന ഒരുപ്രസ്ഥാനത്തോട് സി.പി.എം.ചെയ്തത് ശരിയായില്ലെന്നും രാഷ്ട്രീയ പ്രശ്നങ്ങളും വ്യക്തിപരമായപ്രശ്നങ്ങളും കൂട്ടികുഴക്കാന്‍ പാടില്ലായിരുന്നുവെന്നും വിരേന്ദ്ര കുമാര്‍. ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനൂകലമായ ഘടകം ഇടതു നിഷേധ വോട്ടാണ്. സമരത്തിന്റെയോ ജനകീയമുന്നേറ്റങ്ങളുടെയോ പിന്‍ബലം യു.ഡി.എഫിനില്ല എന്ന് സി.എസ്. സലില്‍. വയലാര്‍ രവി ,സുധീരന്പാരവക്കുമ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ പരസ്പരം പാര വക്കുമ്പോള്‍ വിജയം കുറച്ചുപ്രയാസകരമായിത്തീരും .
കെ.റ്റി.മുഹമ്മദിന്റെ നാടക -കഥാ ലോകത്തിലുടെയുള്ളയാത്രയാണ് ദേശാഭിമാനി വാരികയുടെ ഈ ലക്കത്തില്‍. കെ.റ്റി.യുടെ ഇതു ഭൂമിയാണ്‌ എന്നനാടകത്തെ ആസ്വദിക്കുന്നു എം.എം.ബഷീര്‍. ജീവിതവും നാടകവും ഒന്നായി കണ്ടുകെ.റ്റി.അതുകൊണ്ടുതന്നെ തന്റെ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ അദ്ദേഹം തിരിച്ചറിയാതെപോയി. അദ്ദേഹത്തിന്റെ കഥകള്‍, പ്രത്യേകിച്ചും ലോക കഥാമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയകണ്ണുകള്‍,കോഴി തുടങ്ങിയവയെ വായിക്കുന്നു കടത്തനാട്ടു നാരായണന്‍. സാങ്കേതിക വിദ്യക്ക് ജാതിമത ധനിക ദരിദ്ര വ്യത്യാസമില്ലെന്ന് എം.മുകുന്ദന്‍.
തോര്‍ച്ച സമാന്തര മാസിക പുതിയലക്കം പുറത്തിറങ്ങി. വി.ആര്‍ .സുധീഷ്‌, കല്‍പ്പറ്റ നാരായണന്‍, വി.എം. വിനയകുമാര്‍, മണമ്പൂര്‍ രാജന്‍ ബാബു തുടങ്ങി പ്രമുഖരുടെ ഒരുനിരതന്നെയുണ്ട് ഇതില്‍. സമ്പന്നമായ വായനാനുഭവം.
തസ്ലീമ നസ്രീന്റെ പുതിയ നോവല്‍ "വീണ്ടും ലജ്ജിക്കുന്നു"ഉടനെപുറത്തിറങ്ങും. ഗ്രീന്‍ ബുക്സ് ആണ് ഇതു മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നത്.


2009, മാർച്ച് 18, ബുധനാഴ്‌ച

അബ്ദുല്‍നാസര്‍ മദനി മതേതരനാകുമ്പോള്‍ മജ് ലിസ് എന്ന സംഘടനയുടെ പ്രസക്തി.


മതം,മതഭീകരത, മതേതരത്വം, മതേതരഭീകരത തുടങ്ങിയ ആശയങ്ങള്‍ കൊണ്ടു മുഖരിതമായ ഒരുതെരഞ്ഞെടുപ്പ് കാലത്ത്‌ ആരുമായും കൂട്ടുകൂടുകയും വോട്ടുകള്‍ പെട്ടിയില്‍ വീഴും വരെ ആടിനെപട്ടിയാകുക്കുകയും ചെയ്തു ജനങ്ങളെ" ബോധവല്‍ക്കരിക്കുന്നു" രാഷ്ട്രീയക്കാര്‍. ബഹളത്തില്‍പൊന്നാനി എന്നും പി.ഡി.പി. എന്നും മദനിയെന്നും മുഴങ്ങി കേട്ടുകൊണ്ടിരിക്കുന്നു. പി.ഡി.പി. തീവ്രവാദ ബന്ധം ഉള്ള കക്ഷിയല്ലെന്നു പ്രകാശ് കാരാട്ട് തന്നെ പറഞ്ഞിരിക്കുന്നു. പ്രസ്താവനവെള്ളം കൂട്ടാതെ വിഴുങ്ങും ചില വിഡ്ഢികള്‍. മുമ്പു പി.ഡി.പി.ക്കാര്‍ കൊല ചെയ്ത തിരുവനന്തപുരത്തെഎസ്.എഫ്.. നേതാവ് സക്കീര്‍ ഹുസൈന്റെ രക്തസാക്ഷിത്വം സി.പി.എം. പൊന്നാനിയില്‍ വച്ചുമറക്കുന്നു എന്ന് സമകാലിക മലയാളം വാരികയില്‍ കെ.എം.ഷാജി. മദനി രഹസ്യമായി രൂപികരിച്ചമജ്‌ലിസ് എന്ന സംഘടനയുടെ പ്രവര്‍ത്തകരായിരുന്നു കാശ്മീരിലെ കുപ് വാരയില്‍ ഇന്ത്യന്‍സൈന്യത്തിന്റെ വെടിയേറ്റു മരിച്ച പാക് തീവ്രവാദികള്‍. കൂടുതല്‍ തെളിവുകള്‍, പി.ഡി.പി യുടെതീവ്രവാദ സ്വഭാവം തെളിയിക്കാനായി നിരത്തുന്നു ലേഖകന്‍.പുരോഗമന പ്രസ്ഥാനങ്ങള്‍ പോലുംജാതി,മത രാഷ്ട്രീയം കളിക്കുന്ന കാലികവും പോള്ളുന്നതുമായ അവസ്ഥയെ വിശകലനം ചെയ്യുന്നുകെ.എം.സീതി. നാല്‍പ്പതു ശതമാനത്തിലധികം പേര്‍ അമുസ്ലിങ്ങള്‍ ഉള്ള പൊന്നാനിയില്‍ മുസ്ലിംവോട്ടുകള്‍ മുസ്ലിമിന് എന്നുപറയുന്ന അവസ്ഥ. ഞാന്‍ ഒരു . പി. സുന്നിയാണ് എന്ന് പറയുന്ന ടികെ.ഹംസ. കേരളത്തിന്റെ തകര്‍ച്ച പൂര്‍ണമായിരിക്കുന്നു. സാഹചര്യത്തില്‍ വേണം മുസ്ലിം ലീഗിന്എന്ത് പ്രസക്തി . എന്ന് ചോദിക്കുന്ന ദേശാഭിമാനി വാരികയെ സമീപിക്കാന്‍. പി.ഡി.പി.ക്ക് പ്രസക്തിഉണ്ടെന്നു പറയുന്നവര്‍ തന്നെയാണ് ലീഗിന്റെ അപ്രസക്തി നിര്‍ണയിക്കുന്നത്. .പി.അബ്ദുല്‍വഹാബ്, കെ.റ്റി.ജലീല്‍ തുടങ്ങിയ മുന്‍ സിമിക്കാരാണ്എഴുത്തുകാര്‍. ലീഗ് മൃദു വര്‍ഗീയ കക്ഷിയാണ്. പി.ഡി.പി,സിമി, ജമാ അത്തെ ഇസ്ലാമി, .എന്‍.എല്‍ ,ആര്‍.എസ്.എസ്, ബി.ജെ.പി. തുടങ്ങിയവതീവ്ര വര്‍ഗീയത ഉയര്‍ത്തിപ്പിടിക്കുന്നു. രണ്ടും രാജ്യത്തിന് ഭീഷണിയാണ്. എതിര്‍ക്കപ്പെടെണ്ടതാണ്.അതിന് കഴിയുന്ന ,കഴിയേണ്ട കക്ഷിയാണ് സി.പി.എം. പക്ഷെ......?
പ്രവാസ ജീവിതത്തിന്റെ ഒറ്റപ്പെടലിനെ, ഒറ്റയ്ക്ക് താമസിക്കുന്ന പുരുഷന്മാരുടെ രതികാമനകളെസ്നിഗ്ധമായ ഭാഷയില്‍ അവതരിപ്പിക്കുകയാണ് പി.ടി.മുഹമ്മദ് സാദിക്ക് മാതൃഭൂമിയില്‍.ശരീരത്തിന്റെവിളികളെ വെള്ളിയാഴ്ചകളില്‍ കുളിമുറികളില്‍ നിക്ഷേപിക്കുന്ന പുരുഷന്മാര്‍. തെറ്റുന്ന ജീവിതത്തിന്റെകണക്കുകള്‍. നാട്ടില്‍ ഒരു പെണ്ണ് തനിച്ച്.മരുഭൂമിയില്‍ പുരുഷനും. മനോഹരമായ ആഖ്യാനം. പക്ഷെ, മനോഹാരിത സേതു എഴുതിയ" ആദ്യാക്ഷരങ്ങള്‍-അല്‍പ്പം പഴയൊരു കഥ (പുതിയതും) " എന്നകഥക്കില്ല. തീര്‍ത്തും പഴഞ്ചനും മുഷിപ്പനുമായ കഥ. പഴയ സേതുവിന്റെ ഒരംശം പോലും കഥയില്‍ഇല്ല.
ഒരു ഇന്ത്യന്‍ മുസ്ലിമിനെ ,അവന്റെ,അവളുടെ സ്വത്വത്തെ എന്തുകൊണ്ടാണ് മറ്റുള്ളവര്‍സംശയിക്കുന്നു...?പ്രത്യേകിച്ചും മുംബൈ പോല്ലുള്ള ഒരു സ്ഥലത്ത്..?മാധ്യമ പ്രവര്‍ത്തകയായപാല്‍വിഷാ അസ്ലം പച്ചക്കുതിര മാസികയില്‍ എഴുതുന്നു. ഒരു മുസ്ലിം പെണ്‍കുട്ടിയായ
തനിക്ക്മുംബെയില്‍ തനിച്ച് താമസിക്കാന്‍ ഒരിടം കിട്ടാത്തതിനെ കുറിച്ച്.നിങ്ങള്‍ ഒരു മുസ്ലിം ആണോ എന്നചോദ്യം. സ്വന്തം നാട്ടില്‍ പോലും താന്‍ ബഹിഷ് കൃത ആണെന്ന് പാല്‍വിഷ.ഇതു പാല്‍വിഷയുടെമാത്രം അനുഭവമല്ല. ചെങ്ങനാട് മത്തായി ദേവസ്സ്യ എന്ന പത്രപ്രവര്‍ത്തകന്‍ ദേവദാസ് അയ്യര്‍ ആയിഅഹമ്മദാ ബാദില്‍ ജീവിച്ച അനുഭവവും പച്ചക്കുതിരയില്‍ തന്നെ. ആത്മരക്ഷയാണല്ലോപ്രധാനം.കാരണം ഫാസിസം വരുന്ന വഴികള്‍ പലതാണല്ലോ.

2009, മാർച്ച് 11, ബുധനാഴ്‌ച

മെഴുകുവണ്ടിയായി അവള്‍ മരണപാളത്തിലേക്ക് നടന്നുകയറി.


ആത്മഹത്യ ചെയ്ത കവി ഷൈന തന്റെ ഡയറിയില്‍ കുറിച്ചുവച്ചിരുന്ന കവിതകളിലുടെ,ആകവിതകള്‍ തന്നെ ആത്മഹത്യാ കുറിപ്പുകള്‍ ആകുന്ന ഭാവപരിസരത്തിലുടെ ഒരു യാത്ര നടത്തുകയാണ് മനില. സി.മോഹന്‍ മാതൃഭൂമി വാരികയില്‍. മരണത്തെ പ്രണയിച്ച കവി. അവരുടെ കവിതകളില്‍, സൌഹൃദക്കുറിപ്പുകളില്‍,ഫോണ്‍ വിളികളില്‍ നിറഞ്ഞുനില്‍ക്കുന്ന മരണം. ആ മരണത്തെ മരണകാരണത്തെ അന്വേഷിക്കുകയാണ് മനില. ഒറ്റപ്പാലം എന്‍.എന്‍.എസ് കോളേജില്‍ പഠിക്കുമ്പോള്‍ ഷൈന കുറിച്ചുവച്ച കവിതകളില്‍ അവരുടെ ശ്ലഥ ജീവിതത്തിന്റെ നാള്‍വഴി ചരിത്രമുണ്ട്. പ്രക്ഷുബ്ധ മനസ്സുണ്ട്. ആത്മഹത്യ എന്നത് ഒരു കവിയുടെ കവിതകളെ ഒരിക്കലുംമഹത്വവല്ക്കരിക്കുന്നില്ല. എന്നാല്‍ ആ കവിതകള്‍ വായനക്കാരെ ഉലക്കുമെങ്കില്‍ ,(ഈ കവിതകള്‍തീര്‍ച്ചയായും അങ്ങനെയാണ് ) ശ്രമം പാഴായിപ്പോകുന്നില്ല. അവരുടെ കവിതകളും മാതൃഭൂമിപ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടെ കെ ആര്‍ ടോണിയുടെ "വെളിപാട്" എന്ന ചവറുകവിതയും.വെളിപാടുംപ്രതിഭയും ഇല്ലാതെ കവിതയെഴുതുകയും അത് യാതൊരു തത്ത്വദീക്ഷയുമില്ലാതെ പത്രാധിപസുഹൃത്ത്
പ്രസിദ്ധീകരിക്കുകയും ചെയ്‌താല്‍ വായനക്കാര്‍ക്ക് വെളിപാടുണ്ടാകും എന്ന് ഈ കവിതതെളിയിക്കുന്നു. ബ്ലോഗനയില്‍ ബെര്‍ലിതോമസ് ആണ്. സ്ലും ഡോഗ് മില്ല്യണയര്‍ എന്ന സിനിമയുടെവായനയാണ് ബെര്‍ലി നടത്തുന്നത്.
പിണറായി- മദനി രാഷ്ട്രീയ സഖ്യത്തിന്റെ പിന്നാമ്പുറങ്ങള്‍അന്വേഷിക്കുകയാണ് സമകാലികമലയാളം വാരിക. പൊന്നാനി മണ്ഡലത്തിലെ പൊതുസമ്മതഇടതു സ്ഥാനാര്‍ഥിയെ മദനി തീരുമാനിക്കുമ്പോള്‍ കാറ്റില്‍ പറക്കുന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയവിശുധിയാണ്. കാരണം മദനി ആരാണെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ കേരളം തിരിച്ചറിഞ്ഞതാണ്.
മദനിയുമായി പിണറായി വിജയനെന്ത് എന്നതാണ് കേരളീയ സമൂഹം ഇപ്പോള്‍ പരസ്പരംചോദിക്കുന്നത്. ഉത്തരം കിട്ടാന്‍ പോന്നാനിവരെ ഒന്നു പോയാല്‍ മതി.
ജനാധിപത്യ പാര്‍ട്ടികള്‍ പ്രതിപക്ഷ ബഹുമാനം പുലര്‍ത്തുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ് കാര്‍ക്ക് പ്രതിപക്ഷ ബഹുമാനം ഇല്ലയെന്ന കെ.വേണുവിന്റെആരോപണത്തിന് മറുപടി പറയുകയാണ്‌ എം.എം.നാരായണന്‍ ദേശാഭിമാനി വാരികയില്‍. മോഡിയുടെ ജനാധിപത്യരീതിയോടു വേണുവിനു ബഹുമാനം തോന്നുന്നത് പ്രതിപക്ഷ ബഹുമാനംകൊണ്ടാണെന്ന് നാരായണന്‍ കളിയാക്കുന്നു.
മമ്മൂട്ടി എന്ന നടന്റെ സിനിമാപ്രവേശം ഓര്‍ക്കുകയാണ് എം.ടി.വാസുദേവന്‍ നായര്‍ ഭാഷാപോഷിണിയില്‍. ചെറുകാടിന്റെ ദേവലോകം സിനിമയാക്കിയപ്പോള്‍ അതില്‍ തൊഴിലാളിനേതാവായത് മഞ്ചേരിയിലെ ജൂനിയര്‍ വക്കീല്‍ മുഹമ്മദ് കുട്ടിയാണ്. അക്കാലത്ത് വിവാഹിതനായമമ്മൂട്ടി തന്റെ നവവധുവിനെ കാണാന്‍ ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ പോയിരുന്നത് എം.ടി. മധുരമായിഓര്‍ക്കുന്നു. മലയാളത്തിലെ സ്ത്രീ പക്ഷ നാടകവേദി എന്ത്? എങ്ങനെ എന്ന ഗൌരവകരമായഅന്വേഷണവും ഇതില്‍ ഉണ്ട്. സ്ത്രീ നാടക പ്രവര്‍ത്തനങ്ങളുടെ എകമുഖം അത് സ്ത്രീ പക്ഷത്തു നിലകൊള്ളുന്നു എന്നതാണ്. അതാണ്‌ അതിന്റെ രാഷ്ട്രീയം. ശ്രീജ കെ.വി.എഴുതിയ കലംകാരിയുടെകഥ എന്നസ്ത്രീപക്ഷ നാടകവും ഈ ലക്കത്തെ സമ്പന്നമാക്കുന്നു.
,

2009, മാർച്ച് 4, ബുധനാഴ്‌ച

സ്ലം ഡോഗിന്റെ രാഷ്ട്രീയം.


ഓസ്കാര്‍ അവാര്‍ഡ് നേടിയ സ്ലം ഡോഗ് മില്ല്യനയര്‍ എന്ന സിനിമയുടെ രാഷ്ട്രീയം വിശകലനം ചെയ്യുന്നുദേശാഭിമാനിവാരിക . കൃത്യവും സൂക്ഷ്മവുമായ നിരീക്ഷണങ്ങള്‍ ദേശാഭിമാനിയില്‍ ഉണ്ണി വിലയാംകോട്എഴുതിയ ലേഖനത്തില്‍ കാണാം. ഇന്ത്യന്‍ ദാരിദ്ര്യത്തെ അതിഭാവുകത്വം കലര്‍ത്തി ലോകത്തിനുമുന്നില്‍ വിളമ്പി. ഈ കഷ്ടപ്പാടുകളെ അനുതാപതോടെയല്ല മറിച്ച് പരിഹാസത്തോടെയാണ് സിനിമപരിചരിച്ചത്. അത് ദേശീയ ഭരണകൂടത്തെ വിമര്‍ശിക്കുന്നത് ജനപക്ഷത്തുനിന്നുകൊണ്ടല്ല,സാമ്രാജ്യത്വ പക്ഷത്തു നിന്നുകൊണ്ടാണ്. കലാകൌമുദിയില്‍ ഓസ്കാര്‍ നേടിയറഹിമാന്‍, റസൂല്‍ എന്നിവരെ അഭിനന്ദിക്കുന്നു ചാരുനിവേദിത. പ്രതിഭയും പ്രയത്നവും കൂടിച്ചേരുന്നുഈ അപൂര്‍വ നേട്ടത്തില്‍. സിനിമയിലെ ശബ്ദമിശ്രണത്തെ പരിചയപ്പെടുത്തുന്ന ലേഖനങ്ങളുംഇതില്‍ ഉണ്ട്. ഒരു ശരാശരി ഇന്ത്യന്‍ സിനിമയുടെ കഥയും ശില്പ ഘടനയുമുള്ള സ്ലം ഡോഗ്എങ്ങനെയാണ് ഓസ്കാര്‍ വിധിനിര്‍ണയക്കാര്‍ക്ക് ഇത്രമേല്‍ പ്രിയപ്പെട്ടതായത്? സമകാലികമലയാളംവാരികയില്‍ എ ചന്ദ്രശേഖരന്‍ വിലയിരുത്തുന്നത് ഈ പ്രശ്നമാണ്. സ്വന്തം നാട്ടില്‍ സിനിമകൊണ്ട്പരമാവധി നേടിയ ഹോളിവൂഡ്‌ എന്തുകൊണ്ടാണ് ഇന്ത്യയിലേക്ക്‌ നോക്കുന്നത്?ഏറ്റവും കൂടുതല്‍സിനിമയുണ്ടാക്കുന്ന രാജ്യമാണ് ഇന്ത്യ.വരുന്ന പത്തുവര്‍ഷത്തിനുള്ളില്‍ ലോകസിനിമയുടെ ശക്തമായവിപണിയായി ഇന്ത്യ മാറും. ആ ഒരു വിപണന സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരം അവാര്‍ഡ് കസര്‍ത്തുകള്‍.
ലോകത്തെ അറവുശാലയാക്കിയ ജോര്‍ജ് ബുഷിന്‌ ഭാരതരത്നം കൊടുക്കണമെന്ന് പറയുന്നകോണ്‍ഗ്രസ് കാരെ കളിയാക്കുന്നു ഐ.വി ദാസ്. ഇതേ തലകുനിക്കല്‍തന്നെയാണ് ആണവക്കരാറിലും നാം കണ്ടത്. പക്ഷെ,ഒരു കോണ്‍ഗ്രസ്സുകാരന്റെ ആത്മവീര്യം സേനാപതി വേണുദല്‍ഹിയിലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ കാണിച്ചെന്ന് കലാകൌമുദിയില്‍ വി.ബി.രാജന്‍. എ.ഐ.സി.സി.യിലെ ചായാക്കാര്‍ക്കും തൂപ്പുകാര്‍ക്കും ലോകസഭ സീറ്റ് കൊടുക്കരുതെന്ന് തുറന്നടിച്ചആളാണ് വേണു. അതുകേട്ടു കയ്യടിച്ച സോണിയയും രാഹുലും ഏത് പ്രവര്‍ത്തന പാരമ്പര്യത്തിന്റെപേരിലാണ് നേതൃ സ്ഥാനത്ത് എത്തിയതെന്ന് വേണുതന്നെ പറയണം. ഏതായാലും വേണുവിന്റെഈ പ്രസംഗത്തെ കൂടുതല്‍ പേടിച്ചത് ടോം വടക്കന്‍ ആണത്രേ.
മൂന്നാര്‍ ദൌത്യത്തിന് നേതൃത്വം നല്കിയ കെ . സുരേഷ് കുമാറു മായുള്ളഅഭിമുഖം മാതൃഭുമിയില്‍. മാധ്യമ പ്രവര്‍ത്തകന്‍ പി.കെ.പ്രകാശ് പ്രതിക്കൂട്ടില്‍ ആകുന്നു ഈഅഭിമുഖത്തില്‍. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു ഈ മാധ്യമ പ്രവര്‍ത്തകന്‍ എന്ന് സുരേഷ് കുമാര്‍. ആനന്ദിന്റെ കഥയും മുംസിയുടെ ബ്ലോഗ് പോസ്റ്റും ഈ ലക്കത്തില്‍ തന്നെ.
സമാന്തര മാസികകള്‍ക്കിടയില്‍ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നുബിജോയ്‌ ചന്ദ്രന്‍ എഡിറ്റു ചെയ്യുന്ന തോര്‍ച്ച മാസിക. അഞ്ചു ലക്കം പിന്നിടുമ്പോള്‍ ഈ മാസികക്ക്തീര്‍ച്ചയായും അഭിമാനിക്കാം. വിഭവ സമൃദ്ധമാണ് പുതിയ ലക്കവും. പി.എം.ഷുക്കൂര്‍ കൈകാര്യംചെയ്യുന്ന വായനക്കാരന്‍ ജീവിച്ചിരിക്കുന്നു എന്ന പംക്തി നിരീക്ഷണങ്ങള്‍ കൊണ്ടുംസത്യസന്ധതകൊണ്ടും ശ്രദ്ധേയമാകുന്നു.

2009, ഫെബ്രുവരി 25, ബുധനാഴ്‌ച

കെ.ഇ .എന്‍,വി.എസ്, സ്ലംഡോഗ് മില്ല്യണയര്‍ , നാന്‍ കടവുള്‍, യു.കെ .കുമാരന്‍, പി .ഗോവിന്ദപ്പിള്ള,പോങ്ങുമ്മൂടന്‍.


ബാല സംവിധാനം ചെയ്ത നാന്‍ കടവുള്‍ , ഓസ്കാര്‍ നേടിയ സ്ലം ഡോഗ് മില്ല്യണയര്‍ എന്നസിനിമയേക്കാള്‍ പലമടങ്ങ്‌ മികച്ച ചിത്രമാണെന്ന് ചാരുനിവേദിത കലാകൌമുദിയില്‍. ബാലയുടെപതിവു രീതിയില്‍ നിന്നു വേറിട്ടുനില്‍ക്കുന്നു ഈ സിനിമ. നായകനോടൊപ്പം തന്നെ മറ്റുകഥാപാത്രങ്ങളും തലയുയര്‍ത്തി നില്ക്കുന്നു. ഇന്ത്യന്‍ ചേരികളെയുംമുഖ്യ ധാരയില്‍ നിന്നു ബഹിഷ്ക്രിതരായദരിദ്ര സമൂഹത്തെയും ആരാജകമായിത്തന്നെ ഈ സിനിമ പകര്‍ത്തിയിരിക്കുന്നു. ജീവിതം നരകമായിമാറുന്ന അവസ്ഥ. മില്ലനയര്‍ മുബ്ബൈയിലെ ചേരി കാണിച്ചു ഇതാണ് ഭാരതം എന്ന് വിദേശികളെതെറ്റിധരിപ്പിക്കുമ്പോള്‍ കടവുള്‍ അങ്ങനെ ചെയ്യുന്നില്ല എന്നത് ശ്രദ്ധേയം. ആഗോളികരണകാലത്തെസിനിമ,വിശിഷ്യ ഹോളിവുഡ് സിനിമ വംശീയ സാംസ്കാരിക വൈവിധ്യങ്ങളുമായിപോരുത്തപ്പെടലിന്റെ പാതയിലാണെന്ന് കെ. ഗോപിനാഥന്‍ മാതൃഭൂമിയില്‍. ബാരക് ഒബാമപ്രസിഡണ്ട്‌ ആകുന്നതും എ.ആര്‍.റഹിമാന്‍ ഓസ്കാര്‍ നേടുന്നതും അതുകൊണ്ടുതന്നെ ആകസ്മികമല്ല.
വി.എസ്. എന്തുകൊണ്ട് രാജി വക്കുന്നില്ല എന്നതിനെ സൂക്ഷ്മമായി വായിക്കുന്നു ബാബു ഭരദ്വാജ് .(മാതൃഭൂമി )അധികാരവുമായി രാജിയായി എന്ന് അതിനെ ഭാഷാന്തരംചെയ്യേണ്ടതില്ല. പാര്‍ട്ടിക്കുള്ളിലെയും പുറത്തെയും ശത്രുക്കള്‍ വി.എസിന്റെ രാജി ആഗ്രഹിക്കുന്നു. അഭ്യുദയകാംക്ഷികളും .പക്ഷെ, പാര്‍ട്ടിയെയും ഭരണത്തെയും ഒരുപറ്റം അഴിമതിക്കാരെ ഏല്‍പ്പിക്കാന്‍അദ്ദേഹം തയ്യാറല്ല.അതായത് രാജി വക്കാതിരിക്കുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. വി.എസിനെമന്ദബുദ്ധി എന്ന് ആക്ഷേപിച്ച കെ.ഇ .എന്‍ പ്രധാന കഥാപാത്രമായി വരികയാണ് കുരങ്ങന്റെമാനിഫെസ്റോ അഥവാ കെ.ഇ എന്‍ വഴക്കങ്ങള്‍ എന്ന സി.അനൂപിന്റെ കഥയില്‍. (കലാകൌമുദി)
കല(ഥ)യുടെ രസതന്ത്രം അനുഭവപ്പെടുന്നില്ലെങ്കില്‍ക്കൂടി ഇതൊരു മികച്ച ആക്ഷേപ ഹാസ്യരചനയാണ്. ഈ രസതന്ത്രം നമ്മെ അനുഭവിപ്പിക്കുന്ന കഥയാണ്‌ മാധ്യമത്തില്‍ യു.കെ കുമാരന്‍എഴുതിയ തീവണ്ടിപ്പൂതം.
ദേശാഭിമാനി വാരികയില്‍ പി. ഗോവിന്ദപ്പിള്ള മനസ്സുതുറന്നു സംസാരിക്കുന്നുഈ ലക്കത്തില്‍ തന്റെ ബാല്യാനുഭവങ്ങളും രാഷ്ട്രീയത്തെ സ്വാധീനിച്ചഘടകങ്ങളുമാണ്.സി.പി.എമ്മിനെയും ക്നാനായ സഭയെയും അലട്ടുന്ന ദുര്‍ഭൂതമാണ്‌ സി.ബി.ഐ എന്ന്ജി എസ് സമകാലികമലയാളം വാരികയില്‍ സി.ബി.ഐ യോടുള്ള ഇവയുടെ സമീപനം വിശകലനംചെയ്‌താല്‍ ഇതു വ്യക്തമാകും. മാതൃഭൂമിയുടെ ബ്ലോഗനയില്‍ ഇത്തവണ പോങ്ങമ്മുടന്റെ പോസ്റ്റ് ആണ്.കുറുമാന്‍ ആണ് ഇതിലെ നായകന്‍. വായനാസുഖം തരുന്ന രചന.
.

2009, ഫെബ്രുവരി 18, ബുധനാഴ്‌ച

ചാള്‍സ് ഡാര്‍വിനെ ദൈവം പേടിക്കുന്നതെന്തിന്...?


ചാള്‍സ് ഡാര്‍വിന്റെ പരിണാമവാദം സകല എതിര്‍പ്പുകളെയും അതിജീവിച്ച് ഒന്നര നൂറ്റാണ്ടു പിന്നിടുന്നുഎന്നത് ശാസ്ത്ര കുതുകികളെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. പരിണാമവാദം ദൈവത്തിന്റെസ്വതത്തെ ചോദ്യം ചെയ്യും
എന്ന് ഭയക്കുന്ന മതവാദി (മിതവാദികളല്ല) സമൂഹത്തിന്റെ അയുക്തികപ്രചാരണ തന്ത്രങ്ങളെ മറികടക്കുക എന്നത് നിസ്സാരകാര്യമല്ല. ഈ അതിജീവനത്തിന്റെ സന്തോഷംപങ്കിടുന്നതോടോപ്പം പരിണാമവാദം സമഗ്രവും സൂക്ഷ്മവുമായി വിശകലനം ചെയ്യുകയാണ് ജീവന്‍ജോബ് തോമസ് മാതൃഭൂമിയില്‍. മനുഷ്യ കേന്ദ്രിതപ്രപഞ്ചം എന്ന വിശ്വാസത്തില്‍നിന്നുജീവലോകത്തിലെ ഒരു കണ്ണി മാത്രമാണ് മനുഷ്യന്‍ എന്ന് ഉറപ്പിക്കുന്നു പരിണാമവാദം. വിശ്വാസത്തിന്റെ നിരാസമാണ് യുക്തി. അതുകൊണ്ട് ദൈവവും ചിലപ്പോള്‍ ഡാര്‍വിനെ പേടിക്കും. ഡാര്‍വിന്റെ ജീവജാതികളുടെ ഉദ്ത്ഭവം എന്ന അര നൂറ്റാണ്ട് പിന്നിടുന്ന പുസ്തകത്തെവായിക്കുകയാണ് എന്‍.ഇ.സുധീര്‍ സമകാലിക മലയാളം വാരികയില്‍. ദൈവചിന്തയെ വിറപ്പിച്ചപുസ്തകമാണിത്.
ഭരതന്‍ സംവിധാനം ചയ്ത
ചിലമ്പ് എന്ന സിനിമ തന്നില്‍നിന്ന് തട്ടിയെടുത്തതാണെന്ന് ജോണ്‍ പോള്‍മാതൃഭൂമിയില്‍. തന്റെ രചനയില്‍ പി .എന്‍.മേനോന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച ആ സിനിമഭരതന്‍ എങ്ങനെ സ്വന്തമാക്കി? ജോണ്‍ പോള്‍ തുറന്നെഴുതുമ്പോള്‍ നാം അതിശയിക്കേണ്ടതില്ല. കാരണം സിനിമാലോകം എന്നും അങ്ങനെയാണല്ലോ.
ലാവലിന്‍ഇടപാടില്‍ പിണറായി വിജയനെതിരെയുള്ള സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ട്സമകാലിക മലയാളം പ്രസിദ്ധീകരിച്ചിരിക്കുന്നു. തെളിവുകള്‍ വാചാലമാണ്‌ എന്നതുകൊണ്ടുതന്നെനവകേരള യാത്ര കൊണ്ടും പോളിറ്റ് ബ്യുറോ എന്ന ഉമ്മാക്കികൊണ്ടും ഇതിനെ പ്രധിരോധിക്കാന്‍വ്യക്തി എന്ന പാര്‍ട്ടി കുറച്ചു പ്രയാസപ്പെടും. ഈ കേസിന്റെ പിന്നാമ്പുറങ്ങള്‍ അന്വേഷിക്കുകയാണ് വി.പി വാസുദേവന്‍ മാധ്യമം വാരികയില്‍. നൂറു കോടി രു‌പക്ക് ഭെല്‍ എസ്ടിമാറ്റ്‌ തയ്യാറാക്കിയ ഒരുപദ്ധതിയുടെ അറ്റകുറ്റപണികള്‍ക്ക് ബാലാനന്ദന്‍ ശുപാര്‍ശകളെ കാറ്റില്‍
പരത്തി മുന്നൂറ്റി എഴുപത്തിനാലര കോടി രൂപയ്ക്കു ലാവലിന് കരാര്‍ നല്കി കോടികള്‍ തുലച്ച ഒരാള്‍ നടത്തുന്ന നവകേരളയാത്രഎങ്ങനെ അശ്ലീലമാകാതിരിക്കും?പക്ഷെ ഈ യാത്ര അടുത്ത കാലത്തു കേരളം കണ്ട വലിയ ബഹുജന വിദ്യാഭ്യാസ പരിപാടിയാണെന്ന് കെ.ടി. കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനിയില്‍.
കന്യാസ്ത്രീകള്‍ക്കിടയിലെ ഭക്തിയും കാമവും കടന്നുവരുന്നു സിസ്റ്റര്‍ ജെസ്മിയുടെ ആത്മ കഥാഭാഗത്തില്‍. ഈ കാമം
പ്രത്യേക സ്നേഹം എന്നാണ് അറിയപ്പെടുക. സിസ്റ്റര്‍ വിമി സ്വവര്‍ഗ രതിയില്‍തല്പരയായിരിന്നുവത്രേ. (പച്ചക്കുതിര മാസിക) പോലീസും അധികാരവും മാധ്യമ പ്രവര്‍ത്തകരുംചേര്‍ന്ന് റഷീദ എന്ന പാവംസ്ത്രീയില്‍ മോഷണക്കുറ്റം ആരോപിച്ചു വേട്ടയാടിയ കഥയാണ്‌പച്ചക്കുതിരയുടെ കവര്‍ സ്റ്റോറി. പോലിസ് ആര്‍ക്കുവേണ്ടി എന്ന ആ പഴയ ചോദ്യംചോദിക്കാതിരിക്കുകയാണ് നല്ലത്. സിനിമാനടന്‍ സത്യനുമായുള്ള ബന്ധം ഓര്‍ക്കുകയാണ്എം.ടി.വാസുദേവന്‍ നായര്‍ ഭാഷാപോഷിണിയില്‍. നസീറും സത്യനും തമ്മില്‍ പിണക്കമൊന്നുംഇല്ലാഞ്ഞിട്ടും അത്തരം കഥകള്‍ പ്രചരിച്ചിരുന്നു.എം.ജി. ബാബുവിന്റെ ദുര്‍ബലമായ കഥയും എ.യുപ്രവീണിന്റെ അതിശക്തമായ നാടകവും പുതിയ ഭാഷാപോഷിണിയില്‍ ഉണ്ട്.

2009, ഫെബ്രുവരി 11, ബുധനാഴ്‌ച

മാവോയുടെ മുന്നറിയിപ്പുകള്‍ (വിട്ടുവീഴ്ചാ മനോഭാവത്തിനെതിരെ )


''
വിട്ടുവീഴ്ചാമനോഭാവം പ്രത്യയശാത്രസമരത്തെ നിരാകരിച്ച് തത്വദീക്ഷയില്ലാത്ത സമാധാനത്തിനുവേണ്ടി നിലകൊള്ളുന്നു. അതുവഴി ജീര്‍ണിച്ച ,ഭൌതിക താല്പര്യം മാത്രമുള്ള മനോഭാവത്തിനു ജന്മം നല്കുന്നു. അത് പാര്‍ട്ടിയിലെയും വിപ്ലവസംഘടനയിലെയും ചില വ്യക്തികളിലും ഘടകങ്ങളിലും ജീര്‍ണതക്ക് കാരണമാകുന്നു. "ഏഴ് നൂറ്റാണ്ട് മുന്‍പ് മാവോ നല്കിയ മുന്നറിയിപ്പ് പ്രകാശ് കാരാട്ട് കണക്കിലെടുക്കുമോയെന്നു ചോദിക്കുന്നു .വി.ബാബു സമകാലികമലയാളം വാരികയില്‍ .ലാവ്‌ലിന്‍ കേസില്‍ സി.ബി.. പ്രതിപ്പട്ടികയില്‍ ഉള്ള പിണറായി വിജയനെ സംരക്ഷിക്കാന്‍ കാരാട്ട് കാണിക്കുന്ന അമിത താല്പര്യത്തെ വിമര്‍ശിക്കുകയും വിശകലനം ചെയ്യുകയാണ് ബാബു. വ്യക്തി താല്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന കാരാട്ട് ,മാവോയുടെ മുന്നറിയിപ്പ് ചെവിക്കൊണ്ടില്ലെങ്കില്‍ മഹത്തായ ഒരു പ്രസ്ഥാനത്തിന്റെ പതനത്തിനു സാക്ഷ്യം വഹിക്കേണ്ടിവരും. വാരികയുടെ മുഖപ്രസംഗവും ഇതേ വിഷയം തന്നെയാണ്. "പൊയ്മുഖം അഴിഞ്ഞു വീഴുന്നു"എന്നപേരില്‍. പിക്കാസോയുടെയും ദാലിയുടെയും ഉന്മാദം നിറഞ്ഞ (പ്രണയ)ജീവിതത്തെക്കുറിച്ച് എം.പി.രാധാകൃഷ്ണന്‍ എഴുതുന്നു. .എന്‍.വി.കുറുപ്പിന്റെ മനോഹരമായ കവിത "അര്‍ദ്ധവിരാമങ്ങള്‍" ലക്കത്തില്‍ത്തന്നെ.
വിമോചനസമരത്തെ അനുകൂലിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി മാതൃഭൂമിയില്‍. കേരളത്തെ മോചിപ്പിച്ച സമരം എന്നപേരില്‍ എഴുതിയിരിക്കുന്ന ഗീര്‍വാണങ്ങള്‍ വായിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ പോലും അറിയാതെ ഉറക്കെത്തന്നെ ചിരിച്ചുപോകും. കേരളീയസമൂഹത്തെ ജാതീയ വര്‍ഗീയ ആലയില്‍ തളച്ചിട്ട സമരത്തെ ഇപ്പോഴും അനുകൂലിക്കുകയും ലോകത്തുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ തകര്‍ച്ചകളുടെ നാന്ദിയായിരുന്നു സമരമെന്നൊക്കെ ആവേശം മൂത്ത് എഴുതാന്‍ കൊള്ളാം. പക്ഷെ, അതുവായിച്ചിട്ട് .കെ.ആന്റണി പോലും തലകുലുക്കില്ല. പക്ഷെ ,പുതിയ ആഴ്ച്ചപ്പതിപ്പിനെ മനോഹരമാക്കുന്നത് മനോജ് ജാതവേദര്‍
എഴുതിയ "വറുതി"എന്ന കഥയാണ്. അധികാരം അശ്ലീലമാണെന്ന് കഥ ഉറക്കെപ്പറയുന്നു.അധികാരം വാടകക്കെടുക്കുന്ന തലച്ചോറുകള്‍ (പ്രത്യേകിച്ചും പത്രപ്രവര്‍ത്തകര്‍,ബുദ്ധിജീവികള്‍ ) പൊതുജനത്തെ വഞ്ചിച്ച് അധികാരത്തിന്റെ അമേധ്യം ഭുജിക്കുന്നു.
വര്‍ത്തമാനകാലത്തെ പ്രതിഫലിപ്പിക്കുന്ന കഥ. സുഭാഷ് ചന്ദ്രന്‍ തന്റെ പുസ്തകമായി തെരഞ്ഞെടുത്തിരിക്കുന്നത് കരമസോവ് സഹോദരന്മാരെയാണ്. പുസ്തകം തന്നെ ഒരു ബാധപോലെ പിന്തുടരുന്നുവെന്നു ലേഖകന്‍. ഇത്തവണ ബ്ലോഗനയില്‍ ജോസഫ് ആന്റണിയാണ്.
മാധ്യമത്തില്‍ ബഷീറിന്റെ ഭര്‍ എന്ന കഥയെ പുനര്‍വായിക്കുന്നു പി.രാജഗോപാലന്‍. ഭര്‍ എന്ന അധോവായുവിന്റെ (കഥാനായികയില്‍നിന്നു)ശബ്ദം കാല്പനികതയെ അടിച്ചുടക്കുമ്പോള്‍തന്നെ കാലാന്തരത്തില്‍ കാല്പനികതാ സൂചകം ആയിത്തീരുന്നു. ടി.വി.ചന്ദ്രന്റെ പുതിയ ചലച്ചിത്രമായ ഭൂമിമലയാളത്തിന്റെ ദൃശ്യാനുഭവം പങ്കുവക്കുന്നു വി.കെ.ജോസഫ്.