
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് സര്‍ജന്‍ ആയ ഡോക്ടര്‍ .ഷേര്‍ലി വാസു എഴുതിയ പോസ്റ്റ് മോര്‍ട്ടം ടേബിള്‍ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പുസ്തകമാണ്. തന്റെ മോര്‍ച്ചറി അനുഭവങ്ങള്‍ ,അവയുടെ സൂക്ഷ്മാവസ്ഥയില്‍ അവര്‍ വായനക്കാരുമായി പങ്കു വച്ചു. കീറിമുറിക്കപ്പെട്ട പലതരം ജഡങ്ങള്‍ ഡോക്ടറുമായി സംവദിച്ചു. ഹൃദയത്തിന്റെ ഭാഷയില്‍. ഇതിന് അനുബന്ധമായി വായിക്കാവുന്ന രചനയാണ് പുതിയ മാധ്യമം വാരികയില്‍ അവര്‍ എഴുതിയ ലേഖനം. കാമം പലപ്പോഴും ഭ്രാന്താകുന്നുവെന്നും ആ ഭ്രാന്ത് പിഞ്ചു കുഞ്ഞുങ്ങളെയും വെറുതെ വിടുന്നില്ലെന്നും നമുക്കറിയാം. . കേവലം ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞു ക്രുരമായി ബലാല്‍സംഗം ചെയ്യപ്പെട്ടു. മരണമടഞ്ഞ കുഞ്ഞിന്റെ ജഡം പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടറിന്റെ വിചാരങ്ങളാണ് ഇത്.ആ ഇളം ദേഹത്തിലുടെപാളുന്ന കത്തി മലയാളിയോട് ഒരുപാടു കാര്യങ്ങള്‍ പറയാതെ പറയുന്നുണ്ട്. ഇത്തരം അവസരങ്ങളില്‍ താന്‍ തന്റെ ഹൃദയത്തിലുടെ കത്തി പാളിക്കുകയാണ് എന്ന് ഡോക്ടര്‍.
ശ്രീലങ്കയിലെ വംശീയ പ്രശ്നം വിശകലനം ചെയ്യുകയാണ് ജെ.ആര്‍ .എഴുത്തച്ചന്‍ .പുലികള്‍ക്കും സര്‍ക്കാരിനും ഇടയിലുടെയുള്ള തമിഴ് ജീവിത ദുരിതങ്ങള്‍ .ഇന്ത്യയുടെ മാരകമായ നിശബ്ദത . ഇതേ പ്രശ്നം തന്നെയാണ് സമകാലിക മലയാളം വാരികയുടെ കവര്‍ സ്റ്റോറി. ഡോക്ടര്‍ .എം.കെ.സീതി ,ശ്രീലങ്കന്‍ പ്രശ്നത്തിന്റെ ചരിത്രവും വര്‍ത്തമാനവും വായിക്കുന്നു. പുലികള്‍ക്കുമേല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നേടുന്ന വിജയവും ഭാവിയില്‍ പരാജയമാകും. കാരണം തമിഴ് ന്യൂനപക്ഷത്തിന്റെ വംശഹത്യയാണ് ഇപ്പോള്‍ അവിടെ നടക്കുന്നത്.
രാഘവന്‍ തിരുമുല്‍പ്പാടിന്റെ ജീവിതം വായിക്കുകയാണ് സി.ആര്‍.പരമേശ്വരന്‍ മാതൃഭൂമി വാരികയില്‍. തന്റെ അറിവ് ഒരിക്കലും മറ്റുള്ളവരെ കീഴടക്കാനായി തിരുമുല്‍പ്പാട് ഉപയോഗിച്ചിട്ടില്ല. അത് മറ്റുള്ളവരുടെ നന്മക്കായി ചിലവഴിച്ചു. ആ ജീവിതം തന്നെ ഒരുപാട് പഠിപ്പിച്ചിട്ടുണ്ടെന്നും തിരിച്ചറിവ് നല്‍കിയിട്ടുണ്ടെന്നും പരമേശ്വരന്‍. ടി.വി.ചന്ദ്രന്റെ സ്ത്രീ കഥാപാത്രങ്ങളെ-ഹേമാവിന്‍ കാതലര്‍കള്‍ തൊട്ട് ഭൂമിമലയാളം വരെയുള്ള സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളെ വിലയിരുത്തുന്നു കെ.ഗോപിനാഥന്‍. അടഞ്ഞ ഇടങ്ങളില്‍ (വീട്)നിന്നു പുറത്തു കടക്കുന്നവരാണ്ഈ സ്ത്രീകള്‍ എല്ലാം. അതുകൊണ്ട് തന്നെ സൂസന്ന പോലുള്ള കഥാപാത്രങ്ങള്‍ പലപ്പോഴും അവമതിക്കപ്പെടുന്നു.സൂക്ഷ്മമായ വിലയിരുത്തലുകള്‍ കൊണ്ടു സമൃദ്ധമാണ് ഈ ലേഖനം.
ബ്ലോഗനയില്‍ വിശാലമനസ്ക്കന്റെ പോസ്റ്റ് ആണ്.
മുസ്ലിമിന്റെ സ്വത്വ പ്രതിസന്ധി ചര്‍ച്ചചെയ്യുന്നു പുതിയ ദേശാഭിമാനി വാരിക. മുസ്ലിം ലീഗിന്റെ പരാജയങ്ങളെ മുസ്ലിം സ്വത്വ പ്രതിസന്ധിയായി ചര്‍ച്ച ചെയ്യുന്നത് അവരെ സഹായിക്കാന്‍ മാത്രമാണ്. മലബാര്‍ കലാപം, പാക്കിസ്ഥാന്‍ വാദം, ബാബറി മസ്‌ജിദ് തകര്‍ച്ച തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ മുസ്ലിം സ്വത്വ പ്രതിസന്ധി അനുഭവിച്ചു. ബഹു സ്വരമായ ഒരു ജീവിത വ്യവസ്ഥയില്‍ നിന്നു എകസ്വരമായ അവസ്ഥയിലേക്ക് മുസ്ലിമിനെ മാറ്റാന്‍ ബോധ പൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. ഇത് അവരെ പ്രതിസന്ധിയിലേക്ക് നയിക്കാന്‍ ഉതകും.
കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തു വിവിധ ടി.വി.ചാനലുകളില്‍ സ്ഥാനാര്‍ഥികളുമായുള്ള തത്സമയ സംവാദങ്ങള്‍ ഉണ്ടായിരുന്നു. കൈരളിയില്‍ സംപ്രേഷണം ചെയ്യപ്പെട്ട പടക്കളം പരിപാടിയുടെ ഓര്‍മ്മകള്‍ പങ്കു വക്കുന്നു അതിന്റെ അവതാരകനായ ആര്‍.സുഭാഷ്. പൊന്നാനിയില്‍ വച്ചു ഒരു പയ്യന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ പ്രകോപിപ്പിച്ച അനുഭവം. മറ്റു അനുഭവങ്ങള്‍. തികച്ചും സത്യസന്ധമായ അനുഭവ സാക്ഷ്യങ്ങള്‍. കൂടെ ഇത്തരം പരിപാടിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും. നല്ല വിവരണം. നല്ല ലേഖനം.
വായനയുടെ വാരാവിശകലനങ്ങള്‍ നന്നായിരിക്കുന്നു ."പോസ്റ്റ് മോര്‍ട്ടം ടേബിള്‍ "വായിക്കണം.
മറുപടിഇല്ലാതാക്കൂനന്ദി ആശംസകള്‍
ആദ്യമായാണ് ഇവിടെ.....
മറുപടിഇല്ലാതാക്കൂഇത്രയും സംഗ്രഹിക്കാതെ അല്പം കൂടെ വിശദമാക്കാം എന്ന് തോന്നുന്നു..
മറുപടിഇല്ലാതാക്കൂആശംസകള്..
പോസ്റ്റ് മോര്‍ട്ടം ടേബിള്‍ വായിക്കാന്‍ തിരുമാനിച്ചു
മറുപടിഇല്ലാതാക്കൂപോസ്റ്റ് ഇഷ്ട്ടപെട്ടു.